വാഷിംഗ്ടൺ: കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമ ദൃശ്യങ്ങൾ ഐക്ലൗഡ് വഴി സൂക്ഷിക്കാനും വിതരണം ചെയ്യാനും സൗകര്യമൊരുക്കുന്നു എന്ന് ആരോപിച്ച് ടെക് ഭീമനായ ആപ്പിളിനെതിരെ വെസ്റ്റ് വെർജീനിയ സംസ്ഥാനം നിയമനടപടി ആരംഭിച്ചു. അറ്റോർണി ജനറൽ ജോൺ ബി. മക്കസ്കി വ്യാഴാഴ്ചയാണ് സംസ്ഥാന കോടതിയിൽ ആപ്പിളിനെതിരെ കേസ് ഫയൽ ചെയ്തത്. ഉപഭോക്താക്കളുടെ സ്വകാര്യതയുടെ പേരിൽ ഐക്ലൗഡിലെ വിവരങ്ങൾ പരിശോധിക്കില്ലെന്ന ആപ്പിളിന്റെ തീരുമാനം കുറ്റവാളികൾക്ക് സഹായകരമാകുന്നു എന്നാണ് പ്രധാന ആരോപണം.
കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങൾ കൈമാറുന്നതിനുള്ള ഏറ്റവും വലിയ പ്ലാറ്റ്‌ഫോമായി ഐക്ലൗഡ് മാറിയിട്ടും കമ്പനി നടപടിയെടുക്കുന്നില്ലെന്ന് മക്കസ്കി കുറ്റപ്പെടുത്തി. ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുക എന്ന വ്യാജേന കുറ്റവാളികൾക്ക് സുരക്ഷിത താവളം ഒരുക്കുന്നത് മാപ്പർഹിക്കാത്ത കുറ്റമാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഗൂഗിൾ, മെറ്റാ തുടങ്ങിയ മറ്റ് മുൻനിര ടെക് കമ്പനികൾ ഇത്തരം ദൃശ്യങ്ങൾ കണ്ടെത്താൻ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ ആപ്പിൾ അതിന് തയ്യാറാകുന്നില്ലെന്നാണ് കേസിലെ വാദം. 2023-ലെ കണക്കുകൾ പ്രകാരം ഗൂഗിൾ 14.7 ലക്ഷം റിപ്പോർട്ടുകൾ ഫയൽ ചെയ്തപ്പോൾ ആപ്പിൾ വെറും 267 റിപ്പോർട്ടുകൾ മാത്രമാണ് നൽകിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ആരോപണങ്ങളോട് പ്രതികരിച്ച ആപ്പിൾ, തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ഉപഭോക്താക്കളുടെയും പ്രത്യേകിച്ച് കുട്ടികളുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് വ്യക്തമാക്കി. ഭീഷണികളെ നേരിടാൻ ഓരോ ദിവസവും പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നുണ്ടെന്നും ഐക്ലൗഡിലെ വിവരങ്ങൾ സ്കാൻ ചെയ്യുന്നത് ഉപഭോക്താക്കളുടെ സുരക്ഷയെയും സ്വകാര്യതയെയും ദോഷകരമായി ബാധിക്കുമെന്നും ആപ്പിൾ വക്താവ് പറഞ്ഞു. വിദേശ സർക്കാരുകൾ ഉൾപ്പെടെയുള്ളവർ രാഷ്ട്രീയ നിരീക്ഷണത്തിനായി ഇത്തരം സംവിധാനങ്ങൾ ദുരുപയോഗം ചെയ്തേക്കാമെന്ന ആശങ്കയും കമ്പനി പങ്കുവെച്ചു.













