ഗൾഫ് രാജ്യങ്ങളോട് ക്ഷമാപണവുമായി ഇറാൻ പ്രസിഡന്റ്; ‘നേരിട്ട് ആക്രമണം നടത്താത്ത പക്ഷം അയൽരാജ്യങ്ങൾക്കു നേരെ ഇനി സൈനിക നീക്കങ്ങൾ ഉണ്ടാകില്ല’

ഗൾഫ്  രാജ്യങ്ങളോട് ക്ഷമാപണവുമായി ഇറാൻ പ്രസിഡന്റ്; ‘നേരിട്ട് ആക്രമണം നടത്താത്ത പക്ഷം അയൽരാജ്യങ്ങൾക്കു നേരെ ഇനി സൈനിക നീക്കങ്ങൾ ഉണ്ടാകില്ല’

ടെഹ്‌റാൻ: പശ്ചിമേഷ്യൻ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ ഗൾഫ് രാജ്യങ്ങളോട് പരസ്യമായി ക്ഷമ ചോദിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ. ശനിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ്, സമീപകാലത്ത് ഇറാന്റെ ആക്രമണത്തിന് ഇരയായ രാജ്യങ്ങളോട് അദ്ദേഹം ഖേദം പ്രകടിപ്പിച്ചത്. ഇറാനെതിരെ മറ്റ് രാജ്യങ്ങൾ നേരിട്ട് ആക്രമണം നടത്താത്ത പക്ഷം അയൽരാജ്യങ്ങൾക്കു നേരെ ഇനി സൈനിക നീക്കങ്ങൾ ഉണ്ടാകില്ലെന്ന് ഇറാന്റെ താൽക്കാലിക നേതൃത്വ കൗൺസിൽ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. മറ്റൊരു രാജ്യത്തിന് മേലും അധിനിവേശം നടത്താൻ ഇറാന് പദ്ധതിയില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഇസ്രയേൽ-യുഎസ് ആക്രമണങ്ങൾക്ക് പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ തുടർച്ചയായി മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു. ഈ ആക്രമണങ്ങൾ പ്രതിരോധത്തിന്റെ ഭാഗമായുള്ള പ്രത്യാക്രമണങ്ങൾ മാത്രമായിരുന്നുവെന്ന് മസൂദ് പെഷസ്കിയാൻ വിശദീകരിച്ചു. നിരുപാധികം കീഴടങ്ങണമെന്ന യുഎസ് സഖ്യത്തിന്റെ ആവശ്യം അദ്ദേഹം വീണ്ടും തള്ളി. തങ്ങളുടെ പരമാധികാരം സംരക്ഷിക്കാനുള്ള നീക്കങ്ങൾ മാത്രമാണ് നടത്തിയത് എന്നും അദ്ദേഹം ടെലിവിഷൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

അയൽരാജ്യങ്ങളിൽ നിന്ന് ഇറാന് നേരെ പ്രകോപനമുണ്ടാകാത്ത പക്ഷം ഇനിയൊരു മിസൈൽ വിക്ഷേപണവും ടെഹ്‌റാനിൽ നിന്നുണ്ടാവില്ലെന്ന് താൽക്കാലിക നേതൃത്വ സമിതി ഉറപ്പു നൽകിയതായി പ്രസിഡന്റ് പറഞ്ഞു. മേഖലയിൽ സമാധാനം നിലനിർത്താനാണ് ഇറാൻ ആഗ്രഹിക്കുന്നതെന്നും അയൽരാജ്യങ്ങളെ ശത്രുക്കളായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ ഈ പുതിയ നയതന്ത്ര നീക്കം പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയിൽ നേരിയ അയവുണ്ടാക്കുമെന്നാണ് ആഗോളതലത്തിൽ വിലയിരുത്തപ്പെടുന്നത്.


Share Email
LATEST
Top