ടെഹ്‌റാൻ: ഇറാൻ-അമേരിക്ക യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുന്ന സമയത്ത് ഇസ്രായേൽ ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേൽ. ടെഹ്‌റാൻ നഗരത്തിന്റെ കേന്ദ്രഭാഗത്തുള്ള ഭരണപരമായ സ്ഥാപനങ്ങളെയാണ് തിങ്കളാഴ്ച ഇസ്രായേൽ പ്രതിരോധ സേന ലക്ഷ്യമിട്ടത്. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയും ഇറാനും തമ്മിൽ ഫലപ്രദമായ ചർച്ചകൾ നടന്നുവരികയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അടുത്ത നിമിഷങ്ങളിൽ പ്രസ്താവന നടത്തിയിരുന്നു.
എന്നാൽ അതിനു തൊട്ടുപിന്നാലെയാണ് ഇസ്രായേലിന്റെ ഈ അപ്രതീക്ഷിത ആക്രമണം നടന്നത്.
ടെഹ്‌റാനിലെ വിവിധ സ്ഥലങ്ങളിൽ വലിയ സ്ഫോടനങ്ങൾ ഉണ്ടായതായും നിരവധി കെട്ടിടങ്ങൾ തകർന്നതായും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു. തലസ്ഥാനത്തെ ഒരു റസിഡൻഷ്യൽ കോംപ്ലക്സ് തകർന്നുവീണതിനെ തുടർന്ന് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ഒരു കുട്ടിയെ തിരയുന്നതായി ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. സാധാരണക്കാർ താമസിക്കുന്ന പ്രദേശങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായതായാണ് പ്രാഥമിക റിപ്പോർട്ടുകൾ.
അതേസമയം, വാഷിംഗ്ടണുമായി യാതൊരു ചർച്ചകളും നടന്നിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ചർച്ചകളെക്കുറിച്ചുള്ള ട്രംപിന്റെ അവകാശവാദങ്ങൾ ഇറാൻ പൂർണമായി നിഷേധിക്കുകയാണ്. ഇറാന്റെ ഊർജ്ജ-വൈദ്യുതി സൗകര്യങ്ങൾക്കെതിരായ സൈനിക ആക്രമണങ്ങൾ അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കുമെന്ന് ട്രംപ് മുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇസ്രായേലിന്റെ ഈ പുതിയ ആക്രമണം സമാധാന ശ്രമങ്ങളെ തകിടംമറിക്കുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾക്കിടയിൽ ഇത്തരം സൈനിക നടപടികൾ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുമെന്നാണ് സാധ്യത. അന്താരാഷ്ട്ര സമൂഹം ഈ സംഭവങ്ങളെ അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.













