ഒട്ടാവ: ഇറാനെതിരേയുള്ള യുദ്ധത്തില്‍ അമേരിക്കയ്‌ക്കൊപ്പം പങ്കുചേരുമെന്നുള്ള സൂചനകള്‍ നല്കി കാനഡ. കാനഡയും അമേരിക്കയും തമ്മില്‍ നിലവില്‍ ഊഷ്മളമായ ബന്ധമല്ലെങ്കിലും ഇരുരാജ്യങ്ങളും നാറ്റോ അംഗരാജ്യങ്ങളാണ്. ഈ ഒരു സാഹചര്യത്തി ലാണ് അമേരിക്കയ്‌ക്കൊപ്പം യുദ്ധത്തില്‍ പങ്കാളികളാവുന്നതിനെക്കുറിച്ചുള്ള സൂചനകള്‍ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി നല്കിയത്.
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസിക്കൊപ്പം കാന്‍ബറയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം നിലപാടറിയിച്ചത്. തങ്ങളുടെ സഖ്യകക്ഷികള്‍ക്കൊപ്പം കാനഡ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ ആക്രമണത്തെക്കുറിച്ച് അമേരിക്കയോ ഇസ്രയേലോ തങ്ങളെ അറിയിച്ചിട്ടില്ലെന്നും യുദ്ധത്തില്‍ പങ്കുചേരണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും കനേഡിയന്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങളെ താന്‍ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ഈ സൈനിക നീക്കങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കാര്‍ണി അഭിപ്രായപ്പെട്ടു.
ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തില്‍ 15 വര്‍ഷമായി കാനഡയ്ക്ക് ഇറാനുമായി നയതന്ത്ര ബന്ധമില്ല. കഴിഞ്ഞ വര്‍ഷം ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനെ കാനഡ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു.
Canada hints at joining US in war against Iran













