കോൺഗ്രസ് അവസാനഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് അംഗീകാരം; എഐസിസി പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സണ്ണി ജോസഫ്

കോൺഗ്രസ് അവസാനഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് അംഗീകാരം; എഐസിസി പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സണ്ണി ജോസഫ്

കണ്ണൂർ: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ അവസാനഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് എഐസിസി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അംഗീകാരം നൽകി. പട്ടിക സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അൽപ്പസമയത്തിനകം ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു. ദീപാ ദാസ് മുൻഷി പട്ടിക കൈമാറിയിട്ടുണ്ടെന്നും ഹൈക്കമാൻഡിൽ നിന്ന് ലഭിച്ച ചില നിർദ്ദേശങ്ങൾ കൂടി പരിശോധിച്ച ശേഷമായിരിക്കും അന്തിമ പ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം കൂടി അറിയാൻ നിർദ്ദേശങ്ങൾ കൈമാറിയിട്ടുണ്ട്. അദ്ദേഹം നിലവിൽ പറവൂരിൽ റോഡ് ഷോയിലാണ്. സ്ഥാനാർത്ഥി പട്ടിക വൈകിയത് സ്വാഭാവികമാണെന്നും എന്നാൽ അത് വിജയസാധ്യതയെ ബാധിക്കില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. പേരാവൂരിൽ ജനങ്ങൾ തനിക്കൊപ്പമാണെന്നും വോട്ടർമാരുടെ പിന്തുണ തന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരിക്കുമെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.

അതേസമയം, പേരാവൂരിലെ റോഡ് ഷോയ്ക്കിടെ ഷാഫി പറമ്പിൽ എംപി സണ്ണി ജോസഫിനെ പിന്തുണച്ച് രംഗത്തെത്തി. സണ്ണി ജോസഫ് വരും സർക്കാർ നയിക്കുന്ന ഒരാളാകുമെന്ന് അദ്ദേഹം പറഞ്ഞു. എംപിമാർ മത്സരിക്കണമോ എന്ന കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനം വരുമെന്നും വടകരയിൽ കണ്ടതുപോലുള്ള വർഗീയ പ്രചാരണങ്ങൾ പേരാവൂരിൽ നടത്തിയാൽ ജനങ്ങൾ കനത്ത തിരിച്ചടി നൽകുമെന്നും ഷാഫി മുന്നറിയിപ്പ് നൽകി. പട്ടിക പുറത്തുവരുന്നതോടെ യുഡിഎഫ് പ്രചാരണം കൂടുതൽ ഊർജ്ജിതമാകുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.


Share Email
LATEST
More Articles
Top