ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വം രൂക്ഷമാകുന്നു. പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി ഇറാന്റെ ‘അസംബ്ലി ഓഫ് എക്സ്പെർട്സ്’ അടുത്ത 24 മണിക്കൂറിനുള്ളിൽ അടിയന്തര യോഗം ചേരും. ഭരണകൂടം തകർന്നിട്ടില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്താനാണ് ഈ വേഗത്തിലുള്ള നീക്കം. എന്നാൽ, പുതിയ നേതാവിനെ കണ്ടെത്തുന്ന കാര്യത്തിലും യുദ്ധതന്ത്രങ്ങളിലും ഭരണകൂടത്തിനുള്ളിൽ രണ്ട് തട്ടിലായുള്ള അഭിപ്രായവ്യത്യാസം നിലനിൽക്കുന്നതായാണ് റിപ്പോർട്ടുകൾ.
അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ ശക്തമായ പ്രതികാരം വേണമെന്ന് ആഗ്രഹിക്കുന്ന തീവ്രവാദ വിഭാഗവും, നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം തേടുന്ന പ്രായോഗികവാദികളും തമ്മിലുള്ള വടംവലി ശക്തമാണ്. അയൽരാജ്യങ്ങളോട് ക്ഷമ ചോദിച്ച പ്രസിഡന്റ് മസൂദ് പെസെഷ്കിയന്റെ പ്രസ്താവന ഇതിനോടകം വിവാദമായിട്ടുണ്ട്. കടുത്ത നിലപാടുള്ള നേതാക്കളുടെ സമ്മർദ്ദത്തെത്തുടർന്ന് അദ്ദേഹത്തിന് തന്റെ പ്രസ്താവന തിരുത്തേണ്ടി വന്നു. അതേസമയം, ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനായ അലി ലാരിജാനി യുദ്ധത്തിന് ട്രംപ് വലിയ വില നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് രംഗത്തെത്തി.
ഖമേനിയുടെ അഭാവത്തിൽ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ആണ് നിലവിൽ നിർണായക തീരുമാനങ്ങൾ എടുക്കുന്നത്. പുതിയ നേതാവിനെ നിശ്ചയിക്കുന്നതിലും ഇവരുടെ നിലപാട് അന്തിമമായിരിക്കും. ആഭ്യന്തരമായ ഭിന്നതകൾക്കിടയിലും ഗൾഫ് മേഖലയിൽ ശനിയാഴ്ച രാത്രിയും മിസൈൽ ആക്രമണങ്ങൾ തുടർന്നതായാണ് വിവരം. ഭരണകൂടത്തിലെ ഭിന്നതയും ജനകീയ പ്രതിഷേധങ്ങളും ഇറാനെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുമ്പോൾ ലോകരാജ്യങ്ങൾ അതീവ ജാഗ്രതയോടെയാണ് മാറ്റങ്ങളെ നോക്കിക്കാണുന്നത്.













