ഡോ. വന്ദന ദാസ് വധക്കേസിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഈ മാസം 17-ന് വിധി പ്രസ്താവിക്കും. കേസിൽ അന്തിമവാദം പൂർത്തിയായി. 2023 മെയ് 10-നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കിടെ ഹൗസ് സർജൻ വന്ദന ദാസിനെ പ്രതി സന്ദീപ് സർജിക്കൽ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയത്.
പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദത്തെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തു. കൃത്യം നടത്തുമ്പോൾ പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നില്ലെന്ന് തെളിയിക്കുന്ന സാക്ഷിമൊഴികളും ശാസ്ത്രീയ രേഖകളും ഹാജരാക്കി. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെയും ജീവനക്കാരെയും ആക്രമിച്ചതും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
കേസിൽ 70-ലധികം സാക്ഷികളെ വിസ്തരിക്കുകയും 207 രേഖകളും 22 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകരുടെ സുരക്ഷ സംബന്ധിച്ച് വലിയ ചർച്ചകൾക്ക് വഴിവെച്ച കേസിലെ വിധി ഏറെ നിർണ്ണായകമാണ്.











