ടെൽ അവീവ്: ലെബനൻ അതിർത്തിയിലുള്ള ഇസ്രായേലി ജനവാസ മേഖലയിൽ നടന്ന നേരിട്ടുള്ള മിസൈലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വടക്കൻ ഇസ്രായേലിലെ മിസ്‌ഗാവ് ആം കിബ്ബട്ട്‌സിലാണ് സംഭവം. ആക്രമണത്തിൽ തകർന്ന വാഹനത്തിനുള്ളിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച ഇസ്രായേൽ എമർജൻസി സർവീസ് പുറത്തുവിട്ട ദൃശ്യങ്ങളിൽ, റോഡിന് കുറുകെ കിടക്കുന്ന രണ്ട് വാഹനങ്ങൾ പൂർണ്ണമായും തീപിടിച്ച നിലയിൽ കാണാം.
ആക്രമണം നടന്ന സ്ഥലത്തെത്തിയ മാഗൻ ഡേവിഡ് അഡോം രക്ഷാപ്രവർത്തകർ, കത്തുന്ന വാഹനത്തിനുള്ളിലെ ഡ്രൈവർ സീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. അപ്പോഴേക്കും ഇയാൾ മരണപ്പെട്ടിരുന്നുവെന്നും ജീവന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും രക്ഷാപ്രവർത്തകർ വ്യക്തമാക്കി. തീ പടർന്നതിനെത്തുടർന്ന് വാഹനങ്ങൾ പൂർണ്ണമായും നശിച്ച നിലയിലാണ്.
ലെബനന്റെ ഭാഗത്തുനിന്നും വടക്കൻ അതിർത്തിയിലെ ജനവാസ മേഖല ലക്ഷ്യമാക്കി മിസൈൽ വിക്ഷേപണം നടന്നതായി ഇസ്രായേൽ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഈ വിക്ഷേപണമാണോ മിസ്‌ഗാവ് ആമിലെ മരണത്തിന് കാരണമായതെന്ന കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ല. അതിർത്തി മേഖലയിൽ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടയിലാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മേഖലയിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കാൻ അധികൃതർ നിർദ്ദേശം നൽകി.











