കാഡ്മണ്ഡു: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയെ ജന്‍സി പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തിയതിന്റെ പേരില്‍ നരഹത്യ ചുമത്തി അറസ്റ്റ് ചെയ്തു. ഇന്നു പുലര്‍ച്ചെ ഭക്തപൂരിലെ വസതിയില്‍ നിന്നായിരുന്നു അറസ്റ്റ്. കഴിഞ്ഞ സെപ്റ്റംബറില്‍ നേപ്പാളില്‍ നടന്ന ജെന്‍സി പ്രതിഷേധങ്ങളെ ക്രൂരമായിഅടിച്ചമര്‍ത്തിയെന്നതിനാണ് നരഹത്യാ കേസ് ചുമത്തിയിട്ടുള്ളത്. നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയായി ബാലേന്‍ ഷാ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ഒരു ദിവസം പിന്നിടുമ്പോഴാണ് ഈ നിര്‍ണ്ണായക നീക്കം.
നേപ്പാളി കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ രമേശ് ലേഖകിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റം തെളിയിക്കപ്പെട്ടാല്‍ പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
2025 സെപ്റ്റംബറില്‍ നേപ്പാളിലെ യുവാക്കള്‍ നടത്തിയ വന്‍ മുന്നേറ്റമാണ് ജെന്‍ സി വിപ്ലവം എന്നറിയപ്പെടുന്നത്. ഡിജിറ്റല്‍ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടമായി തുടങ്ങി പിന്നീട് ഭരണകൂടവിരുദ്ധ വിപ്ലവമായി മാറിയ ഈ പ്രക്ഷോഭത്തെ ഒലി സര്‍ക്കാര്‍ കടുത്ത രീതിയിലാണ് നേരിട്ടത്. അന്നുണ്ടായ അക്രമങ്ങളില്‍ 77 പേര്‍ കൊല്ലപ്പെടുകയും 2000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
നാല് തവണ നേപ്പാള്‍ പ്രധാനമന്ത്രിയായിരുന്ന കെ പി ശര്‍മ്മ ഒലിയെയും മറ്റ് നേതാക്കളെയും വിചാരണ ചെയ്യണമെന്ന് ഉന്നതതല കമ്മീഷന്‍ ശുപാര്‍ശ ചെയ്തതിനെത്തുടര്‍ന്നാണ് അറസ്റ്റ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യുഎംഎല്‍) നേതാവായ ഒലിയുടെ അറസ്റ്റ് നേപ്പാള്‍ രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്.
Former Nepal Prime Minister KP Sharma Oli arrested on murder charges













