വാഷിംഗ്ടൺ: അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പിലെ സ്തംഭനാവസ്ഥയെത്തുടർന്ന് ശമ്പളം മുടങ്ങിയ ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ ജീവനക്കാർക്ക് ആശ്വാസ നടപടിയുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കഴിഞ്ഞ വർഷം ഒപ്പുവെച്ച ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ എന്നറിയപ്പെടുന്ന വിപുലമായ നിയമനിർമ്മാണത്തിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകാനാണ് പദ്ധതി. കോൺഗ്രസിലെ രാഷ്ട്രീയ തർക്കം മൂലം ശമ്പളം മുടങ്ങിയ സാഹചര്യത്തിൽ എക്സിക്യൂട്ടീവ് അധികാരം ഉപയോഗിച്ച് ഇതിന് പരിഹാരം കാണുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.
രണ്ടാമത്തെ ശമ്പളവും മുടങ്ങുന്ന ഘട്ടത്തിലെത്തിയ ആയിരക്കണക്കിന് ടിഎസ്എ ജീവനക്കാർക്ക് ഈ നീക്കം വലിയ ആശ്വാസമാകും. 165 ശതകോടി ഡോളറിന്റെ വമ്പൻ പാക്കേജായ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബില്ലിൽ’ നിന്ന് 75 ശതകോടി ഡോളർ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിനും 64 ശതകോടി ഡോളർ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷനും നേരത്തെ അനുവദിച്ചിരുന്നു. ഐ.സി.ഇ, സി.ബി.പി, സീക്രട്ട് സർവീസ്, കോസ്റ്റ് ഗാർഡ് എന്നിവയിലെ ഉദ്യോഗസ്ഥർക്ക് ഇതിനോടകം തന്നെ ഈ ഫണ്ട് വഴി ശമ്പളം നൽകി വരികയാണ്.
ടി.എസ്.എ ജീവനക്കാർക്ക് എത്ര വേഗത്തിൽ തുക ലഭ്യമാകും എന്നത് മന്ത്രാലയത്തിനുള്ളിലെ സാങ്കേതിക പരിശോധനകൾക്ക് ശേഷമേ വ്യക്തമാകൂ. ട്രംപിന്റെ കുടിയേറ്റ നയങ്ങൾക്കും അതിർത്തി സുരക്ഷയ്ക്കും മുൻഗണന നൽകുന്ന സാങ്കേതിക വിദഗ്ധർക്കും അഭിഭാഷകർക്കും നിലവിൽ ഈ പാക്കേജ് വഴി ശമ്പളം നൽകുന്നുണ്ട്. ഭരണകൂടത്തിന്റെ ഈ പുതിയ നീക്കം വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകൾ തടസ്സമില്ലാതെ തുടരാൻ സഹായിക്കുമെന്നാണ് വൈറ്റ് ഹൗസിന്റെ കണക്കുകൂട്ടൽ.













