ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖാംനഈ ചുമതലയേറ്റതിന് പിന്നാലെ വൻശക്തി രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര പോര് മുറുകുന്നു. മുജ്തബയെ ലക്ഷ്യമിട്ടുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ചൈന രംഗത്തെത്തി. ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ പുറത്തുനിന്നുള്ള ഇടപെടൽ അനുവദിക്കില്ലെന്നും പുതിയ നേതാവിനെതിരായ ഏത് നീക്കവും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മുജ്തബ അധികാരം ഏറ്റെടുത്തത്. എന്നാൽ ഇറാന്റെ പുതിയ നേതൃത്വത്തെ അംഗീകരിക്കില്ലെന്നും മുജ്തബ ഒരു ദുർബലനായ നേതാവാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരിഹസിച്ചു. യുഎസ്-ഇസ്രായേൽ സഖ്യത്തിന്റെ സംയുക്ത സൈനിക നീക്കങ്ങൾ ഒൻപതാം ദിവസത്തിലേക്ക് കടക്കവെ, ഇസ്രായേലിനെ നശിപ്പിക്കാൻ ശ്രമിക്കുന്ന ഏത് ഇറാൻ നേതാവും തങ്ങളുടെ ലക്ഷ്യമായിരിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് ആവർത്തിച്ചു.
മേഖലയിൽ നിർബന്ധിത ഭരണമാറ്റത്തിനുള്ള നീക്കങ്ങളെ ചൈന ശക്തമായി എതിർക്കുന്നു. ഇറാന്റെ പരമാധികാരം മാനിക്കപ്പെടണമെന്നും ബീജിങ് ആവശ്യപ്പെട്ടു. ഇറാന്റെ പുതിയ നേതൃത്വത്തെച്ചൊല്ലി വൻശക്തികൾ രണ്ട് തട്ടിലായതോടെ പശ്ചിമേഷ്യയിലെ സംഘർഷം ഒരു ആഗോള യുദ്ധത്തിലേക്ക് വഴിമാറുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ. വരും ദിവസങ്ങളിൽ റഷ്യയുടെ നിലപാടും ഈ വിഷയത്തിൽ നിർണ്ണായകമാകും.













