കുവൈത്ത് കിരീടാവകാശിയെ വിളിച്ച് മോദി, ഇറാന്റെ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇന്ത്യ; ശക്തമായ പിന്തുണ ആവർത്തിച്ചു

കുവൈത്ത് കിരീടാവകാശിയെ വിളിച്ച് മോദി, ഇറാന്റെ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇന്ത്യ; ശക്തമായ പിന്തുണ ആവർത്തിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ-ഹമ്മദ് അൽ-സബാഹിനെ ഫോണിൽ വിളിച്ച് ഈദുൽ ഫിത്തർ ആശംസകൾ നേർന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. വരാനിരിക്കുന്ന പെരുന്നാൾ പ്രമാണിച്ച് ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെയും ഇന്ത്യൻ ജനതയുടെയും പ്രത്യേക ആശംസകൾ അദ്ദേഹം കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിനെയും കിരീടാവകാശിയെയും അറിയിച്ചു. കുവൈറ്റിലെ ജനങ്ങൾക്ക് ഐശ്വര്യവും പുരോഗതിയും സുരക്ഷയും നിലനിൽക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

സൗഹൃദ സംഭാഷണത്തിനിടെ, കുവൈറ്റ് നേരിടുന്ന സുരക്ഷാ വെല്ലുവിളികളിൽ ഇന്ത്യയുടെ ശക്തമായ പിന്തുണ പ്രധാനമന്ത്രി ആവർത്തിച്ചു. കുവൈറ്റ് മണ്ണിലുണ്ടായ ഇറാന്റെ ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും രാജ്യത്തിന്റെ പരമാധികാരത്തിന്റെയും നഗ്നമായ ലംഘനമാണെന്ന് വിശേഷിപ്പിച്ച നരേന്ദ്ര മോദി, കുവൈറ്റിന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്താൻ രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഇന്ത്യയുടെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും വാഗ്ദാനം ചെയ്തു.

ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഈ കരുതലിനും ഉറച്ച നിലപാടിനും കുവൈറ്റ് അമീറിന് വേണ്ടി കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ-ഹമ്മദ് അൽ-സബാഹ് നന്ദി രേഖപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ തെളിവാണ് ഈ നീക്കമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ജനങ്ങൾക്കും കൂടുതൽ വികസനവും വളർച്ചയും ഉണ്ടാകട്ടെ എന്ന് അദ്ദേഹം മറുപടി സന്ദേശത്തിൽ ആശംസിച്ചു.

Share Email
LATEST
More Articles
Top