അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ യുദ്ധക്കുറ്റ ആരോപണവുമായി ഇറാൻ; സ്കൂളിന് നേർക്കുള്ള ആക്രമണത്തിൽ പൊലിഞ്ഞത് 160 ജീവൻ

അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ യുദ്ധക്കുറ്റ ആരോപണവുമായി ഇറാൻ; സ്കൂളിന് നേർക്കുള്ള ആക്രമണത്തിൽ പൊലിഞ്ഞത് 160 ജീവൻ

ടെഹ്‌റാൻ: ഇറാനിലെ സിവിലിയൻ കേന്ദ്രങ്ങളെയും പൊതു സൗകര്യങ്ങളെയും അമേരിക്കയും ഇസ്രായേലും ബോധപൂർവ്വം ആക്രമിക്കുകയാണെന്നും ഇത് വംശഹത്യയ്ക്കും യുദ്ധക്കുറ്റങ്ങൾക്കും തുല്യമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം. യുദ്ധത്തിന്റെ ആദ്യ ദിവസം തന്നെ തെക്കൻ നഗരമായ മിനാബിലെ ഒരു പെൺകുട്ടികളുടെ സ്കൂളിന് നേരെ നടന്ന ബോംബാക്രമണത്തിൽ 160-ലധികം വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. തുടർന്ന് തലസ്ഥാനമായ ടെഹ്‌റാനിലെ ഗാന്ധി ഹോസ്പിറ്റലിനും ആക്രമണമുണ്ടായതായി ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഖാഇ വെളിപ്പെടുത്തി.

ലോകത്തിലെ ഏറ്റവും നൂതനവും കൃത്യതയുള്ളതുമായ ആയുധങ്ങൾ ഉപയോഗിക്കുമെന്ന് അവകാശപ്പെടുന്നവർ തന്നെയാണ് സ്കൂളുകളെയും ആശുപത്രികളെയും ലക്ഷ്യമിടുന്നതെന്ന് ബഖാഇ എക്സിലൂടെ വിമർശിച്ചു. സാധാരണ ജനങ്ങളുടെ ജീവിതം താറുമാറാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വിദ്യാലയങ്ങൾ, മെഡിക്കൽ സൗകര്യങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ എന്നിവയ്ക്കെതിരെ ആക്രമണങ്ങൾ നടത്തുന്നതെന്നും ഇത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ഗുരുതര ലംഘനവും മനുഷ്യത്വത്തിനെതിരായ കുറ്റവുമാണെന്നും ഇറാൻ കുറ്റപ്പെടുത്തി.

അതേസമയം, ടെഹ്‌റാനിലെ ഗാന്ധി ഹോസ്പിറ്റലിന് നാശനഷ്ടങ്ങൾ സംഭവിച്ചതായുള്ള റിപ്പോർട്ടുകൾ പരിശോധിച്ചു വരികയാണെന്ന് ലോകാരോഗ്യ സംഘടന (WHO) മേധാവി ടെഡ്രോസ് ഗെബ്രിയേസസ് തിങ്കളാഴ്ച അറിയിച്ചു. വിദ്യാലയത്തിന് നേരെയുള്ള ആക്രമണത്തെക്കുറിച്ച് ബോധവാന്മാരാണെന്നും സിവിലിയൻ നാശനഷ്ടങ്ങളെക്കുറിച്ചുള്ള ആരോപണങ്ങൾ ഗൗരവമായി അന്വേഷിക്കുമെന്നും യുഎസ് സെൻട്രൽ കമാൻഡ് വക്താവ് ടിം ഹോക്കിൻസ് പ്രതികരിച്ചു. യുദ്ധം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ സിവിലിയൻ കേന്ദ്രങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ ആഗോളതലത്തിൽ വൻ ആശങ്ക ഉയർത്തിയിട്ടുണ്ട്.

Share Email
LATEST
More Articles
Top