ടെഹ്‌റാൻ: ശനിയാഴ്ച ഇറാനെതിരെ ‘അതിശക്തമായ തിരിച്ചടി’ നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കിയതിന് പിന്നാലെ, പ്രതികാരമായി പുതിയ അമേരിക്കൻ കേന്ദ്രങ്ങൾ കണ്ടെത്തുമെന്ന് ഒരു മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ സിഎൻഎന്നിനോട് വെളിപ്പെടുത്തി. ഇറാനിലെ ചില ലക്ഷ്യങ്ങൾ പൂർണമായി നശിപ്പിക്കുമെന്നും അവിടെയുള്ളവർക്ക് മരണം ഉറപ്പാണെന്നും ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഈ പ്രതികരണം പുറത്തുവന്നത്. ഇറാനിയൻ ജനതയ്‌ക്കെതിരെ യുദ്ധം വ്യാപിപ്പിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് ഇറാൻ ആരോപിച്ചു.
ശത്രുക്കളിൽ നിന്ന് വിവേകരഹിതമായ ഏതെങ്കിലും നടപടി ഉണ്ടായാൽ, ഇതുവരെ ഇറാൻ ലക്ഷ്യമിട്ടിട്ടില്ലാത്ത അമേരിക്കൻ പ്രദേശങ്ങൾ, സൈനിക വിഭാഗങ്ങൾ, അവർക്ക് പിന്തുണ നൽകുന്ന ഘടകങ്ങൾ എന്നിവ ഗൗരവമായി പരിഗണിക്കുമെന്ന് ഇസ്ലാമിക് റിപ്പബ്ലിക് ഔദ്യോഗികമായി അറിയിച്ചു. ഇവയ്‌ക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ആക്രമണത്തിനുള്ള ലക്ഷ്യങ്ങളുടെ പട്ടിക വിപുലീകരിച്ചിട്ടുണ്ടെങ്കിലും അവയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളോ ആക്രമണം എപ്പോൾ തുടങ്ങുമെന്നോ അദ്ദേഹം പുറത്തുവിട്ടിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള വാക്കുകളുടെ ഏറ്റുമുട്ടൽ മേഖലയിൽ വൻ യുദ്ധഭീതി സൃഷ്ടിച്ചിരിക്കുകയാണ്.













