അമേരിക്കയുമായി യാതൊരുവിധ നയതന്ത്ര ചർച്ചകൾക്കും തയ്യാറല്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് റഷ്യയുടെ സമാധാന നിർദ്ദേശം ഇറാൻ തള്ളി. അമേരിക്കയോടുള്ള പോരാട്ടം ‘ചെകുത്താനോടുള്ള യുദ്ധം’ ആണെന്നും ശത്രുവിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി. പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുൻകൈയെടുത്ത് ചർച്ചകൾക്ക് വഴിതുറക്കണമെന്ന റഷ്യയുടെ സുപ്രധാന നിർദ്ദേശമാണ് ഇറാൻ ഇതോടെ നിരസിച്ചത്. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ഉൾപ്പെടെയുള്ളവരെ വധിച്ച അമേരിക്കയുമായി ചർച്ചയെന്നത് ചിന്തിക്കാനാവില്ലെന്നും ശക്തമായ പ്രത്യാക്രമണം തുടരുമെന്നും ടെഹ്റാൻ മുന്നറിയിപ്പ് നൽകി.
ഇറാൻ ആണവായുധം നിർമ്മിക്കുന്നുവെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവർ അത്തരമൊരു നീക്കം നടത്തുന്നില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. യുദ്ധം ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ പരിഹാരം സാധ്യമാകൂ എന്നും റഷ്യ ഓർമ്മിപ്പിച്ചിരുന്നു. എന്നാൽ റഷ്യയുടെ ഈ നിലപാടുകളെ മാനിക്കുമ്പോഴും അമേരിക്കയുമായുള്ള ചർച്ചകൾക്ക് സാധ്യതയില്ലെന്ന നിലപാടിലാണ് ഇറാൻ. പശ്ചിമേഷ്യയിൽ സംഘർഷം കൂടുതൽ രൂക്ഷമാകാൻ ഇറാന്റെ ഈ പുതിയ പ്രഖ്യാപനം കാരണമായേക്കും.











