ടെഹ്‌റാൻ/വാഷിംഗ്ടൺ: ഇറാന്റെ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ പ്രത്യാക്രമണം ഏതു നിമിഷവും ആരംഭിക്കുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി. ശനിയാഴ്ച അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ഭീഷണി. “അധിനിവേശ ശക്തികൾക്കും അമേരിക്കൻ ഭീകര താവളങ്ങൾക്കും എതിരെ ഇറാന്റെ സൈനിക ചരിത്രത്തിലെ ഏറ്റവും ശക്തമായ ആക്രമണം ഉടൻ ആരംഭിക്കും,” എന്ന് ഐആർജിസി ടെലിഗ്രാം ചാനലിലൂടെ അറിയിച്ചു.
ഈ ക്രൂരമായ കുറ്റകൃത്യത്തിന് മറുപടി നൽകാതിരിക്കില്ലെന്നും ഇത് ഇസ്ലാമിക ലോകത്തിന്റെ ചരിത്രത്തിൽ ഒരു പുതിയ അധ്യായം കുറിക്കുമെന്നും ഇറാൻ ഭരണകൂടം പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തിന്റെ പ്രതിരോധ നയങ്ങൾ രൂപീകരിക്കുന്ന സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ, അമേരിക്കയുടെയും ഇസ്രായേലിന്റെയും ഈ നീക്കം ലോകത്തിലെ അടിച്ചമർത്തപ്പെട്ടവർക്കിടയിൽ വലിയൊരു ജനകീയ വിപ്ലവത്തിന് തിരികൊളുത്തുമെന്ന് മുന്നറിയിപ്പ് നൽകി. തങ്ങളുടെ സഖ്യകക്ഷികളോടൊപ്പം ചേർന്ന് കൂടുതൽ നിശ്ചയദാർഢ്യത്തോടെ ശത്രുവിനെ നേരിടുമെന്നും കൗൺസിൽ വ്യക്തമാക്കി.
അമേരിക്കയുടെ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’, ഇസ്രായേലിന്റെ ‘റോറിംഗ് ലയൺ’ എന്നീ സംയുക്ത സൈനിക നടപടികളിലൂടെ ഇറാന്റെ ആണവ, മിസൈൽ കേന്ദ്രങ്ങൾ തകർത്തതായാണ് വിവരം. എന്നാൽ ഖമേനിയുടെ മരണം ഇറാനെ തളർത്തില്ലെന്നും മറിച്ച് തിരിച്ചടിയുടെ വീര്യം കൂട്ടുമെന്നുമാണ് ഐആർജിസിയുടെ നിലപാട്. പശ്ചിമേഷ്യയിലുടനീളമുള്ള യുഎസ് താവളങ്ങളും ഇസ്രായേലിലെ പ്രധാന കേന്ദ്രങ്ങളും ലക്ഷ്യമിട്ട് വൻതോതിലുള്ള മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ഇറാൻ ഇതിനകം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.













