അമേരിക്കൻ-ഇസ്രായേൽ ഉദ്യോഗസ്ഥർക്ക് ലോകത്തെവിടെയും സുരക്ഷയുണ്ടാകില്ല; കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈന്യം

അമേരിക്കൻ-ഇസ്രായേൽ ഉദ്യോഗസ്ഥർക്ക് ലോകത്തെവിടെയും സുരക്ഷയുണ്ടാകില്ല; കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈന്യം

ടെഹ്‌റാൻ: ലോകമെമ്പാടുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളും വിശ്രമ കേന്ദ്രങ്ങളും തങ്ങളുടെ ശത്രുക്കൾക്ക് ഇനി സുരക്ഷിതമായിരിക്കില്ലെന്ന കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈന്യം. അമേരിക്കൻ, ഇസ്രായേൽ ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ചാണ് ഇറാൻ ഈ ഭീഷണി മുഴക്കിയിരിക്കുന്നത്. ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം ആണ് സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ അബോൾഫസൽ ഷെകാർച്ചിയെ ഉദ്ധരിച്ച് ഈ വിവരം പുറത്തുവിട്ടത്.

ഇറാനിലെ ഔദ്യോഗിക പ്രതിനിധികൾ സാധാരണ ജനങ്ങൾക്കിടയിലാണ് ജീവിക്കുന്നതെന്നും എന്നാൽ ഇസ്രായേൽ-അമേരിക്കൻ ഉദ്യോഗസ്ഥർ ഭൂഗർഭ അറകളിലും ഷെൽട്ടറുകളിലും ഒളിച്ചിരിക്കുകയോ സിവിലിയന്മാരെ മനുഷ്യകവചമായി ഉപയോഗിക്കുകയോ ചെയ്യുകയാണെന്ന് ഷെകാർച്ചി ആരോപിച്ചു. ശത്രുക്കളെ അവരുടെ ഒളിത്താവളങ്ങളിൽ നിന്ന് വലിച്ചിഴച്ച് പുറത്തെത്തിക്കുന്ന കാലം വിദൂരമല്ലെന്നും തങ്ങളുടെ പ്രവൃത്തികളുടെ പ്രത്യാഘാതങ്ങൾ അവർ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

തങ്ങളുടെ പക്കലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലോകത്തിന്‍റെ ഏത് കോണിലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളും വിനോദസഞ്ചാര മേഖലകളും ഇനി ഇവർക്ക് സുരക്ഷിതമായിരിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്‍റെ സൈനിക-ഭരണ തലപ്പത്തുള്ള പ്രമുഖരെ ലക്ഷ്യം വെച്ച് അമേരിക്കയും ഇസ്രായേലും നടത്തുന്ന കൊലപാതക പരമ്പരകൾക്ക് മറുപടിയായാണ് ഇറാന്‍റെ ഈ നീക്കം. ഇറാന്‍റെ പല പ്രധാന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ, ശക്തമായ പ്രത്യാക്രമണം നടത്തുമെന്ന സൂചനയാണ് സൈന്യം നൽകുന്നത്. പശ്ചിമേഷ്യയിലെ സംഘർഷം ആഗോളതലത്തിലേക്ക് വ്യാപിക്കുമെന്ന ആശങ്ക വർദ്ധിപ്പിക്കുന്നതാണ് ഇറാന്‍റെ പുതിയ പ്രസ്താവന.

Share Email
LATEST
Top