പ്രത്യാക്രമണത്തിന് കൂട്ടുനിന്നാൽ പ്രത്യാഘാതം കഠിനം, ബ്രിട്ടന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ; മറുപടിയുമായി യുകെ

പ്രത്യാക്രമണത്തിന് കൂട്ടുനിന്നാൽ പ്രത്യാഘാതം കഠിനം, ബ്രിട്ടന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ; മറുപടിയുമായി യുകെ

ലണ്ടൻ: ഇറാനെതിരായ സൈനിക നീക്കങ്ങൾക്കായി തങ്ങളുടെ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയ്ക്ക് അനുമതി നൽകിയ ബ്രിട്ടന്‍റെ നടപടി യുദ്ധത്തിൽ നേരിട്ടുള്ള പങ്കാളിത്തമായി കണക്കാക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചി. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇറാൻ തങ്ങളുടെ നിലപാട് കടുപ്പിച്ചത്. അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന ആക്രമണങ്ങളോട് ബ്രിട്ടൻ പുലർത്തുന്ന വിവേചനപരമായ നിലപാടിനെ രൂക്ഷമായി വിമർശിച്ച അരാഗ്‌ചി, തങ്ങളുടെ മണ്ണിൽ ആക്രമണം നടത്താൻ വിദേശ ശക്തികൾക്ക് സൗകര്യം ഒരുക്കി നൽകുന്നത് അധിനിവേശത്തിന് കൂട്ടുനിൽക്കുന്നതിന് തുല്യമാണെന്ന് ഓർമ്മിപ്പിച്ചു.

അതേസമയം ഇറാന്റെ ആരോപണങ്ങളെ പ്രതിരോധിച്ചുകൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. മിഡിൽ ഈസ്റ്റിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ പ്രതിരോധിക്കുക എന്ന പരിമിതവും വ്യക്തവുമായ ലക്ഷ്യത്തോടെ മാത്രമാണ് അമേരിക്കയ്ക്ക് താവളങ്ങൾ വിട്ടുനൽകിയതെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് വ്യക്തമാക്കി. യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ തങ്ങൾ പങ്കാളികളായിരുന്നില്ലെന്നും മേഖലയിൽ ഒരു വലിയ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടാൻ താല്പര്യമില്ലെന്നുമാണ് ബ്രിട്ടന്റെ ഔദ്യോഗിക വിശദീകരണം.

നേരത്തെ ഇറാനെതിരായ ആക്രമണത്തിന് സൈനിക താവളങ്ങൾ വിട്ടുനൽകണമെന്ന വാഷിംഗ്ടണിന്റെ ആവശ്യം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ നിരസിച്ചിരുന്നു. എന്നാൽ മിഡിൽ ഈസ്റ്റിലെ ബ്രിട്ടീഷ് സൈനിക ആസ്തികൾക്ക് നേരെ ആക്രമണമുണ്ടായതോടെ ഇറാന്റെ തിരിച്ചടിക്കെതിരെയുള്ള പ്രതിരോധ നീക്കങ്ങളിൽ പങ്കുചേരാൻ ബ്രിട്ടൻ നിർബന്ധിതരാകുകയായിരുന്നു. ഇറാനും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം അതീവ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് നിലവിൽ കടന്നുപോകുന്നത്.

Share Email
LATEST
Top