ഇറാന്‍റെ വിതരണ ശൃംഖല തകർക്കും, യുദ്ധം വരുംദിവസങ്ങളിൽ അതിതീവ്രമാകുമെന്ന് ഇസ്രായേൽ ഊർജ്ജ മന്ത്രി

ഇറാന്‍റെ വിതരണ ശൃംഖല തകർക്കും, യുദ്ധം വരുംദിവസങ്ങളിൽ അതിതീവ്രമാകുമെന്ന് ഇസ്രായേൽ ഊർജ്ജ മന്ത്രി

ടെൽ അവീവ്: ഇറാനെതിരായ സൈനിക നീക്കങ്ങൾ വരുംദിവസങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രായേൽ ഊർജ്ജ മന്ത്രി ഏലി കോഹൻ. ഇറാന്‍റെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾ യുദ്ധത്തിന്‍റെ സ്വഭാവം മാറ്റിയെന്നും വരാനിരിക്കുന്ന ദിവസങ്ങളിൽ ഇതിലും വലിയ സൈനിക നീക്കങ്ങൾക്ക് ലോകം സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രായേലിലെ റേഡിയോ 103 ചാനലിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇറാന് കനത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന സൂചന നൽകിയത്.

ഇറാനിലെ നിലവിലെ ഭരണകൂടത്തെ തകർക്കാൻ സഹായിക്കുന്ന എല്ലാ സൈനിക ലക്ഷ്യങ്ങളും ഇസ്രായേലിന്റെ പട്ടികയിലുണ്ടെന്ന് കോഹൻ കൂട്ടിച്ചേർത്തു. വെറുമൊരു തിരിച്ചടിയല്ല, മറിച്ച് ഇറാന്‍റെ സാമ്പത്തിക ഭദ്രതയെ തകർക്കുന്ന രീതിയിലുള്ള നീക്കങ്ങളാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്. യുദ്ധത്തിന്‍റെ ദൈർഘ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, കൃത്യമായ സമയപരിധിക്കുള്ളിൽ ലക്ഷ്യങ്ങൾ കൈവരിക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്ന് അദ്ദേഹം മറുപടി നൽകി. ഓരോ വർഷവും ആവർത്തിക്കുന്ന ചെറിയ പോരാട്ടങ്ങൾക്ക് പകരം ഇറാന്‍റെ ഭീഷണി എന്നെന്നേക്കുമായി ഇല്ലാതാക്കുന്ന ഒരു നിർണ്ണായക വിജയമാണ് ഇസ്രായേൽ ആഗ്രഹിക്കുന്നത്.

യുദ്ധഭൂമിയിലെ മാറ്റങ്ങൾക്കനുസരിച്ച് ഇസ്രായേൽ തങ്ങളുടെ തന്ത്രങ്ങൾ പരിഷ്കരിക്കുന്നുണ്ടെന്നും ലക്ഷ്യം കാണുന്നത് വരെ പിന്മാറില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ഇറാന്റെ വരുമാന മാർഗ്ഗമായ എണ്ണ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുന്നത് ആഗോള വിപണിയെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കെയാണ് ഇസ്രായേൽ ഈ കർക്കശ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇതോടെ മിഡിൽ ഈസ്റ്റിലെ സംഘർഷം വരും മണിക്കൂറുകളിൽ കൂടുതൽ രൂക്ഷമായേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Share Email
LATEST
More Articles
Top