അമേരിക്കയുടെ താൽപ്പര്യങ്ങൾ ട്രംപ് അഗ്നിക്കിരയാക്കുന്നു, ആഗോള എണ്ണ വിതരണം തകരുമെന്ന് ഇറാന്‍റെ മുന്നറിയിപ്പ്

അമേരിക്കയുടെ താൽപ്പര്യങ്ങൾ ട്രംപ് അഗ്നിക്കിരയാക്കുന്നു, ആഗോള എണ്ണ വിതരണം തകരുമെന്ന് ഇറാന്‍റെ മുന്നറിയിപ്പ്

ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ യുദ്ധനയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ഇറാന്‍റെ ഉന്നത ഉദ്യോഗസ്ഥൻ രംഗത്ത്. ട്രംപ് അമേരിക്കയുടെ താൽപ്പര്യങ്ങളെ ചുട്ടുചാമ്പലാക്കുകയാണെന്നും ആഗോള എണ്ണ വിതരണ ശൃംഖലയ്ക്ക് നികത്താനാവാത്ത ആഘാതം സൃഷ്ടിക്കുമെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ് മുന്നറിയിപ്പ് നൽകി. യുദ്ധം ഇതേ രീതിയിൽ തുടരുകയാണെങ്കിൽ ലോകത്തിന് എണ്ണ വിൽക്കാനോ ഉൽപ്പാദിപ്പിക്കാനോ കഴിയാത്ത സാഹചര്യം സംജാതമാകുമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭ്രാന്തമായ മോഹങ്ങൾക്ക് മുൻപിൽ അമേരിക്കയുടെയും ഈ മേഖലയിലെ മറ്റ് രാജ്യങ്ങളുടെയും ലോകത്തിന്റെ തന്നെയും താൽപ്പര്യങ്ങൾ ബലികഴിക്കപ്പെടുകയാണെന്ന് ഘാലിബാഫ് ആരോപിച്ചു. ഇറാന്റെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ആഗോള സാമ്പത്തിക വ്യവസ്ഥയെത്തന്നെ തകിടം മറിക്കുമെന്ന സൂചനയാണ് ഇതിലൂടെ അദ്ദേഹം നൽകുന്നത്. മേഖലയിലെ സംഘർഷം വർദ്ധിക്കുന്നത് എണ്ണവിലയിൽ വൻ വർദ്ധനവിനും വിതരണ തടസ്സത്തിനും കാരണമാകുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

ട്രംപും നെതന്യാഹുവും ചേർന്നുള്ള ഈ നീക്കങ്ങൾ മിഡിൽ ഈസ്റ്റിലെ സമാധാനം പൂർണ്ണമായും തകർക്കുമെന്നും ഇതിന്റെ പ്രത്യാഘാതങ്ങൾ അമേരിക്ക നേരിടേണ്ടി വരുമെന്നും ഘാലിബാഫ് കൂട്ടിച്ചേർത്തു. ഇറാന്റെ ഭരണസിരാകേന്ദ്രങ്ങളിൽ നിന്നുള്ള ഈ പ്രതികരണം വരും ദിവസങ്ങളിൽ യുദ്ധമുഖത്ത് പുതിയ തന്ത്രങ്ങൾക്ക് വഴിയൊരുക്കിയേക്കാം. എണ്ണ വിപണിയെ ആയുധമാക്കി ലോകരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനാണ് ഇറാൻ ഇപ്പോൾ ശ്രമിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Share Email
LATEST
More Articles
Top