ടെഹ്‌റാൻ: ലെബനനിൽ മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ ഇസ്രായേലിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി. ഇതൊരു സാധാരണ ആക്രമണമല്ലെന്നും മറിച്ച് ആസൂത്രിതമായ കൊലപാതകമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. തന്റെ ഔദ്യോഗിക ടെലിഗ്രാം ചാനലിലൂടെയാണ് ഇസ്രായേൽ നടപടിക്കെതിരെ അരാഗ്‌ചി രംഗത്തെത്തിയത്. മേഖലയിലെയും ലോകത്തെയും മാധ്യമസമൂഹത്തിന് ഇതൊരു വലിയ നഷ്ടമാണെന്നും ലോകമനസ്സാക്ഷിയെ ഉണർത്തേണ്ട ഗൗരവകരമായ മുന്നറിയിപ്പാണിതെന്നും അദ്ദേഹം പറഞ്ഞു.
സത്യം വിളിച്ചുപറയുന്നവരുടെ ശബ്ദം അടിച്ചമർത്താനും ‘സത്യത്തെ ഭയപ്പെടുത്താനുമുള്ള’ വ്യക്തമായ ശ്രമമാണ് ഇസ്രായേൽ നടത്തുന്നതെന്ന് ഇറാൻ വിദേശകാര്യമന്ത്രി കുറ്റപ്പെടുത്തി. വ്യക്തികളെ ഇല്ലാതാക്കുന്നതിനപ്പുറം വലിയൊരു ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തകരെ ലക്ഷ്യം വെയ്ക്കുന്നതിൽ ഇസ്രായേലിന് വലിയൊരു ചരിത്രമുണ്ടെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും ഉടമ്പടികളുടെയും നഗ്നമായ ലംഘനമാണെന്നും അരാഗ്‌ചി വ്യക്തമാക്കി. യുദ്ധമുഖത്തെ വാർത്തകൾ പുറംലോകത്തെ അറിയിക്കുന്നവരെ ഇല്ലാതാക്കുന്നതിലൂടെ ഇസ്രായേൽ തങ്ങളുടെ ക്രൂരതകൾ മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.













