ടെഹ്‌റാൻ: ഇസ്രായേൽ-അമേരിക്കൻ വ്യോമാക്രമണങ്ങൾക്കിടയിൽ ഇറാനിലെ ഇന്റർനെറ്റ് ബന്ധം പൂർണ്ണമായും തകർന്നു. രാജ്യത്തെ ഇന്റർനെറ്റ് കണക്റ്റിവിറ്റി സാധാരണ നിലയുടെ വെറും ഒരു ശതമാനത്തിലേക്ക് താഴ്ന്നതായി ആഗോള ഇന്റർനെറ്റ് നിരീക്ഷകരായ ‘നെറ്റ്‌ബ്ലോക്സ്’ അറിയിച്ചു. ശനിയാഴ്ച ആരംഭിച്ച ഈ ഇന്റർനെറ്റ് ബ്ലാക്കൗട്ട് ഇപ്പോൾ 120 മണിക്കൂർ (അഞ്ച് ദിവസം) പിന്നിട്ടിരിക്കുകയാണ്. ഇതോടെ ഇറാനകത്ത് യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ലോകത്തിന് അറിയാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
ഇറാനിലെ ടെലികോം കമ്പനികൾ ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തുന്ന ‘ഓർവെല്ലിയൻ’ രീതിയാണ് പിന്തുടരുന്നതെന്ന് നെറ്റ്‌ബ്ലോക്സ് റിപ്പോർട്ട് ചെയ്യുന്നു. ആഗോള ഇന്റർനെറ്റ് ഉപയോഗിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് കമ്പനികൾ നൽകുന്ന മുന്നറിയിപ്പ്. സിവിലിയന്മാർക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനുള്ള വിവരങ്ങളോ വിദേശത്തുള്ള ബന്ധുക്കളുമായി ആശയവിനിമയം നടത്താനുള്ള സൗകര്യമോ ലഭിക്കുന്നില്ല. ടെഹ്‌റാനിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, വോയ്‌സ് കോളുകളോ മെസ്സേജുകളോ അയക്കാൻ കഴിയുന്നില്ലെന്നും ഇന്റർനെറ്റ് വേഗത അങ്ങേയറ്റം പരിതാപകരമാണെന്നും ജനങ്ങൾ പരാതിപ്പെടുന്നു.
നേരത്തെ ജനുവരിയിൽ നടന്ന പ്രക്ഷോഭകാലത്തും കഴിഞ്ഞ ജൂണിലെ യുദ്ധസമയത്തും ഇറാൻ സമാനമായ രീതിയിൽ ഇന്റർനെറ്റ് വിച്ഛേദിച്ചിരുന്നു. എന്നാൽ ഇത്തവണത്തെ നിയന്ത്രണം മുൻപത്തെക്കാൾ കർശനമാണ്. ഗൂഗിൾ മാപ്‌സ് ഉൾപ്പെടെയുള്ള നാവിഗേഷൻ സേവനങ്ങൾ ലഭിക്കാത്തത് അതിർത്തി കടന്ന് പലായനം ചെയ്യുന്നവരെയും വലയ്ക്കുന്നുണ്ട്. സ്റ്റാർലിങ്ക് പോലുള്ള സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിച്ച് ചിലർ ലോകവുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും സർക്കാർ ഇതിനെതിരെ കർശനമായ ജാമിംഗ് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.













