ഇറാനിലെ അരക് (Arak), യസ്ദ് (Yazd) എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സ്ഥിരീകരിച്ചു. ആണവായുധ നിർമ്മാണത്തിന് ആവശ്യമായ വസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്ന അരക് കേന്ദ്രവും യുറേനിയം വേർതിരിക്കുന്ന യസ്ദിലെ കേന്ദ്രവുമാണ് തകർത്തതെന്ന് ഇസ്രായേൽ വ്യക്തമാക്കി. 10 ദിവസത്തേക്ക് ആണവ കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന ഡോണൾഡ് ട്രംപിന്റെ ഉറപ്പ് ഇതോടെ ലംഘിക്കപ്പെട്ടു. ദൗത്യം തുടരുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചതോടെ പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം അതീവ ഗുരുതരമായി.
ആക്രമണത്തിന് തിരിച്ചടിയായി മേഖലയിലെ പ്രധാന വ്യവസായ കേന്ദ്രങ്ങൾ ലക്ഷ്യമിടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെ അന്താരാഷ്ട്ര ആണവ നിർവ്യാപന കരാറിൽ (NPT) നിന്ന് പിന്മാറുമെന്ന് ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ ഭീഷണി മുഴക്കി. കരാർ കൊണ്ട് നിലവിൽ ഗുണമില്ലെന്നാണ് ഇറാന്റെ നിലപാട്. ഇറാന്റെ നീക്കം ആഗോളതലത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.













