ടെൽ അവീവ്/ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ, ഇറാന്‍റെ തലസ്ഥാനമായ ടെഹ്‌റാനെ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമസേന പുതിയ ഘട്ടത്തിലുള്ള അതിശക്തമായ ബോംബാക്രമണം ആരംഭിച്ചു. “ഓപ്പറേഷൻ റോറിംഗ് ലയൺ” തുടങ്ങിയതിന് ശേഷം ആദ്യമായാണ് ഇസ്രായേൽ പ്രതിരോധ സേന (IDF) ടെഹ്‌റാൻ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സൈനിക-ഭരണ കേന്ദ്രങ്ങളെ നേരിട്ട് ആക്രമിക്കുന്നത്. ഞായറാഴ്ച പുലർച്ചെ നടന്ന ഈ ആക്രമണത്തെക്കുറിച്ച് ഐഡിഎഫ് വിവരങ്ങൾ പുറത്തുവിട്ടു.
ടെഹ്‌റാനിലേക്കുള്ള പാത സുഗമമാക്കുന്നതിനും ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ തകർക്കുന്നതിനുമായി കഴിഞ്ഞ 24 മണിക്കൂറായി ഇസ്രായേൽ യുദ്ധവിമാനങ്ങൾ വൻതോതിലുള്ള ആക്രമണങ്ങളാണ് നടത്തുന്നത്. ടെഹ്‌റാനിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വലിയ തോതിൽ പുകയും തീയുമുയരുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നഗരത്തിലെ പ്രധാന സർക്കാർ കെട്ടിടങ്ങൾക്കും സൈനിക ആസ്ഥാനങ്ങൾക്കും നേരെയാണ് ആക്രമണം നടന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
“ഇറാനിലെ ഭീകര ഭരണകൂടത്തിന്റെ കേന്ദ്രങ്ങളെയാണ് ഞങ്ങൾ ലക്ഷ്യം വെക്കുന്നത്,” എന്ന് ഐ.ഡി.എഫ് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ഇറാനിലെ ഇന്റർനെറ്റ് സേവനങ്ങൾ ഇപ്പോഴും നിലച്ച മട്ടായതിനാൽ കൃത്യമായ നാശനഷ്ടങ്ങൾ എത്രയെന്ന് വ്യക്തമല്ല. എന്നാൽ, പ്രത്യാക്രമണത്തിന് തയ്യാറെടുക്കുന്ന ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളെയും കമാൻഡ് സെന്ററുകളെയും നിഷ്ക്രിയമാക്കുകയാണ് ഇസ്രായേലിന്റെ ലക്ഷ്യം. പശ്ചിമേഷ്യയിലെ യുദ്ധം അതിന്റെ ഏറ്റവും ഭയാനകമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.













