ഇറാന്‍റെ വ്യോമശക്തി തകർത്ത് ഇസ്രായേൽ; ഇസ്ഫഹാനിൽ എഫ്-14 വിമാനങ്ങൾ തകർത്തു, വ്യോമാധിപത്യം ഉറപ്പിച്ച് ഐഡിഎഫ്

ഇറാന്‍റെ വ്യോമശക്തി തകർത്ത് ഇസ്രായേൽ; ഇസ്ഫഹാനിൽ എഫ്-14 വിമാനങ്ങൾ തകർത്തു, വ്യോമാധിപത്യം ഉറപ്പിച്ച് ഐഡിഎഫ്

ടെൽ അവീവ്: ഇറാനുമായുള്ള യുദ്ധം അതിതീവ്രമായി തുടരുന്നതിനിടെ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെയും യുദ്ധവിമാനങ്ങളെയും ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമസേനയുടെ വൻ ആക്രമണം. ശനിയാഴ്ച ഇസ്ഫഹാൻ വിമാനത്താവളത്തിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്‍റെ കരുത്തുറ്റ എഫ്-14 (F-14) പോർവിമാനങ്ങൾ തകർത്തതായി ഇസ്രായേൽ പ്രതിരോധ സേന സ്ഥിരീകരിച്ചു. എത്ര വിമാനങ്ങൾ തകർക്കപ്പെട്ടുവെന്ന് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇറാന്റെ പ്രഹരശേഷിക്ക് വലിയ ആഘാതമേൽപ്പിക്കാൻ ഈ നീക്കത്തിലൂടെ സാധിച്ചുവെന്നാണ് വിലയിരുത്തൽ. വിമാനങ്ങൾക്ക് പുറമെ ഇറാന്റെ അത്യാധുനിക റഡാർ കണ്ടെത്തൽ സംവിധാനങ്ങളും വ്യോമപ്രതിരോധ സജ്ജീകരണങ്ങളും ഇസ്രായേൽ സൈന്യം തകർത്തിട്ടുണ്ട്.

ഇറാനിലെ ഭീകര ഭരണകൂടത്തിന്‍റെ എല്ലാ സൈനിക സംവിധാനങ്ങളെയും ഇല്ലാതാക്കുന്നത് വരെ ആക്രമണം തുടരുമെന്നും മേഖലയിൽ പൂർണ്ണമായ വ്യോമാധിപത്യം സ്ഥാപിക്കുമെന്നും ഇസ്രായേൽ സൈനിക വക്താവ് വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇസ്രായേൽ നടത്തിവരുന്ന വ്യോമാക്രമണങ്ങളുടെ തുടർച്ചയാണിത്. വെള്ളിയാഴ്ച ടെഹ്‌റാനിലെ മെഹ്‌റാബാദ് വിമാനത്താവളത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ഖുദ്‌സ് ഫോഴ്സിന് കീഴിലുള്ള 16 വിമാനങ്ങൾ തകർത്തതായും ഐഡിഎഫ് റിപ്പോർട്ട് ചെയ്തു.

ഇറാന്‍റെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളെ ഓരോന്നായി ലക്ഷ്യം വെച്ചുകൊണ്ട് ഇസ്രായേൽ നടത്തുന്ന ഈ നീക്കങ്ങൾ യുദ്ധത്തിന്റെ ഗതി മാറ്റാൻ പോന്നതാണ്. ആകാശമാർഗ്ഗമുള്ള പ്രതിരോധം ദുർബലമായതോടെ ഇറാൻ വൻ പ്രതിസന്ധിയിലാണെന്നാണ് പുറത്തുവരുന്ന സൂചനകൾ. വരും ദിവസങ്ങളിൽ ഇറാനിലുടനീളമുള്ള കൂടുതൽ സൈനിക കേന്ദ്രങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കാനാണ് ഇസ്രായേൽ പദ്ധതിയിടുന്നത്. ഇതോടെ മിഡിൽ ഈസ്റ്റിലെ യുദ്ധം മുൻപത്തെക്കാൾ ഭയാനകമായ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Share Email
LATEST
More Articles
Top