വാഷിംഗ്ടൺ: അമേരിക്കൻ രാഷ്ട്രീയത്തിൽ കമല ഹാരിസിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ചർച്ചകൾ കൊഴുക്കുന്നതിനിടെ, വരാനിരിക്കുന്ന ഏപ്രിൽ മാസത്തിൽ നിർണ്ണായകമായ രാഷ്ട്രീയ പര്യടനത്തിന് അവർ തുടക്കമിടുന്നു. അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിലെ ഡെമോക്രാറ്റിക് പാർട്ടിയുടെ നാല് പ്രധാന പരിപാടികളിൽ അവർ പങ്കെടുക്കുമെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. 2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കങ്ങളുടെ തുടക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്.
ഏപ്രിൽ 13-ന് ആരംഭിക്കുന്ന ആഴ്ചയിൽ നോർത്ത് കരോലിന, സൗത്ത് കരോലിന, ജോർജിയ എന്നിവിടങ്ങളിലെ പാർട്ടി ഫണ്ട് ശേഖരണ പരിപാടികളിൽ കമല ഹാരിസ് സാന്നിധ്യമറിയിക്കും. ഇതിന് പിന്നാലെ ഏപ്രിൽ 25-ന് ലിറ്റിൽ റോക്കിൽ നടക്കുന്ന അർക്കൻസാസ് ഡെമോക്രാറ്റുകളുടെ വാർഷിക ‘ഫിഷർ ഷാക്കിൾഫോർഡ്’ ഡിന്നറിൽ അവർ മുഖ്യപ്രഭാഷണം നടത്തും. കഴിഞ്ഞ വെള്ളിയാഴ്ച വാഷിംഗ്ടണിൽ നടന്ന നാഷണൽ വുമൺസ് ലോ സെന്ററിന്റെ പരിപാടിയിലും അവർ പങ്കെടുത്തിരുന്നു. വേനൽക്കാലത്തും ശരത്കാലത്തും സമാനമായ കൂടുതൽ പരിപാടികൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അവരുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.
2020-ലെ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കമല ഹാരിസ് സ്വീകരിച്ച ‘എസ്.ഇ.സി സ്ട്രാറ്റജി’ അനുസ്മരിപ്പിക്കുന്നതാണ് നിലവിലെ ഈ യാത്രാ പദ്ധതികൾ. കറുത്ത വർഗ്ഗക്കാർക്ക് വലിയ സ്വാധീനമുള്ള മേഖലകളിൽ നിന്ന് കൂടുതൽ ഡെലിഗേറ്റുകളെ നേടിയെടുക്കുക എന്നതാണ് ഈ തന്ത്രത്തിന്റെ ലക്ഷ്യം. അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്ന കാര്യത്തിൽ അവർ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും, ഡെമോക്രാറ്റിക് പാർട്ടിയിലെ മറ്റ് സ്ഥാനാർത്ഥികളും കമല ഹാരിസിന്റെ ഈ നീക്കങ്ങളെ അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.













