പകരം വീട്ടും, ഞങ്ങൾ അവരുടെ ഹൃദയത്തിൽ തന്നെ കുത്തും; മുന്നറിയിപ്പുമായി അലി ലാരിജാനി; ‘ഗൾഫ് രാജ്യങ്ങളുമായി യുദ്ധത്തിനില്ല’

പകരം വീട്ടും, ഞങ്ങൾ അവരുടെ ഹൃദയത്തിൽ തന്നെ കുത്തും; മുന്നറിയിപ്പുമായി അലി ലാരിജാനി; ‘ഗൾഫ് രാജ്യങ്ങളുമായി യുദ്ധത്തിനില്ല’

ടെഹ്‌റാൻ: ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തെ തുടർന്ന്, അമേരിക്കയോട് കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി. അമേരിക്കക്കാർ ഇറാനിയൻ ജനതയുടെ ഹൃദയത്തിൽ കുത്തുകൊണ്ടു, അതിന് പകരമായി ഞങ്ങൾ അവരുടെ ഹൃദയത്തിൽ തന്നെ കുത്തും എന്ന് അദ്ദേഹം ശക്തമായി പ്രഖ്യാപിച്ചു. ഖമേനിയുടെ വിശ്വസ്തനും നിർണായക നയതന്ത്ര വിദഗ്ധനുമായ ലാരിജാനിയുടെ ഈ പ്രസ്താവന മേഖലയിൽ ആശങ്ക വർധിപ്പിച്ചിരിക്കുന്നു.

അമേരിക്കയോടും ഇസ്രായേലിനോടും എതിരെ സൈനിക നടപടികൾ കൂടുതൽ ശക്തമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് വെറും സിനിമയല്ല, അടിച്ചോടിപ്പോകാൻ കഴിയില്ലെന്ന് അവർ മനസ്സിലാക്കണമെന്നും ലാരിജാനി പറഞ്ഞു. ഖമേനിയുടെ അഭാവത്തിൽ രാജ്യം താത്കാലികമായി ഭരിക്കാൻ പ്രസിഡന്റും ജുഡീഷ്യറി തലവനും ഉൾപ്പെടുന്ന ഒരു നേതൃത്വ സംവിധാനം ഉടൻ രൂപീകരിക്കപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. ഗൾഫ് രാജ്യങ്ങളുമായി യുദ്ധം ഇറാൻ ആഗ്രഹിക്കുന്നില്ലെങ്കിലും, ആ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക അടിസ്ഥാനങ്ങളെ ലക്ഷ്യമിടുന്നത് തുടരുമെന്നും വ്യക്തമാക്കി. അമേരിക്കൻ ഭീഷണികൾക്ക് ഇറാൻ ഒരിക്കലും വഴങ്ങില്ലെന്ന് ലോകത്തിന് വീണ്ടും തെളിയിക്കുമെന്നും ലാരിജാനി കൂട്ടിച്ചേർത്തു.

അമേരിക്കയുടെയും ഇസ്രായേലിന്റെയും വ്യോമാക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ സൈന്യം ഇതിനകം മിസൈൽ ആക്രമണങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പേർഷ്യൻ ഗൾഫിലെ യു.എസ്. കപ്പലുകൾക്കും കുവൈറ്റിലെയും ഖത്തറിലെയും അമേരിക്കൻ താവളങ്ങൾക്കും നേരെ നടന്ന ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നിൽ ലാരിജാനിയുടെ നേരിട്ടുള്ള നിർദേശങ്ങൾ ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാന്റെ ഈ പുതിയ പ്രഖ്യാപനത്തോടെ പശ്ചിമേഷ്യയിൽ സമാധാന ചർച്ചകൾക്കുള്ള സാധ്യതകൾ പൂർണമായും അവസാനിച്ച അവസ്ഥയിലാണ്.

Share Email
Top