ഹിസ്ബുള്ളയെ നിരായുധരാക്കും, സമ്പൂർണ്ണ വെടിനിർത്തൽ വേണം; നിർണ്ണായക സമാധാന പദ്ധതിയുമായി ലെബനീസ് പ്രസിഡന്റ്

ഹിസ്ബുള്ളയെ നിരായുധരാക്കും, സമ്പൂർണ്ണ വെടിനിർത്തൽ വേണം; നിർണ്ണായക സമാധാന പദ്ധതിയുമായി ലെബനീസ് പ്രസിഡന്റ്

ബെയ്റൂട്ട്: ഇസ്രായേലുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ വിപ്ലവകരമായ സമാധാന പദ്ധതിയുമായി ലെബനീസ് പ്രസിഡന്റ് ജോസഫ് ഔൺ രംഗത്തെത്തി. മേഖലയിൽ സുസ്ഥിരത ഉറപ്പാക്കുന്നതിനായി ലെബനനിൽ ‘സമ്പൂർണ്ണ വെടിനിർത്തൽ’ പ്രഖ്യാപിക്കണമെന്ന് അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോടാവശ്യപ്പെട്ടു. ഇസ്രായേലിന്റെ കര, വ്യോമ, നാവിക ആക്രമണങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കണമെന്നാണ് ഔണിന്റെ നിർദ്ദേശത്തിലെ പ്രധാന ആവശ്യം.

പ്രസിഡന്റ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയിലെ ഏറ്റവും ശ്രദ്ധേയമായ നിർദ്ദേശം ഹിസ്ബുള്ളയെ നിരായുധരാക്കുമെന്നതാണ്. സംഘർഷ മേഖലകളുടെ നിയന്ത്രണം ലെബനീസ് സൈന്യം ഏറ്റെടുക്കുമെന്നും അവിടെയുള്ള ഹിസ്ബുള്ളയുടെ ആയുധപ്പുരകളും സംഭരണശാലകളും തകർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹിസ്ബുള്ളയുടെ പക്കലുള്ള ആയുധങ്ങൾ പിടിച്ചെടുത്ത് അവരെ പൂർണ്ണമായും നിരായുധരാക്കാൻ സൈന്യം സന്നദ്ധമാണെന്ന് അദ്ദേഹം അറിയിച്ചു.

ഈ പദ്ധതി നടപ്പിലാക്കുന്നതിനായി അന്താരാഷ്ട്ര സമൂഹത്തിന്റെ ലോജിസ്റ്റിക് പിന്തുണയും അദ്ദേഹം അഭ്യർത്ഥിച്ചു. ലെബനീസ് സൈന്യത്തെ ശാക്തീകരിക്കുന്നതിന് വിദേശ രാജ്യങ്ങളുടെ സഹായം അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനുപുറമെ, ഇസ്രായേലും ലെബനനും തമ്മിൽ അന്താരാഷ്ട്ര മേൽനോട്ടത്തിൽ നേരിട്ടുള്ള ചർച്ചകൾ ആരംഭിക്കണമെന്നും സമാധാന കരാറിലെ വ്യവസ്ഥകൾ നടപ്പിലാക്കാൻ ഇത് സഹായിക്കുമെന്നും ജോസഫ് ഔൺ പ്രത്യാശ പ്രകടിപ്പിച്ചു. മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ലെബനീസ് പ്രസിഡന്റ് നടത്തിയ ഈ നിർണ്ണായക നീക്കം വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിവെച്ചേക്കാം.

Share Email
Top