ഓസ്ലോ: നോർവേയുടെ തലസ്ഥാനമായ ഓസ്ലോയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് എംബസിയിൽ സ്ഫോടനം. ഞായറാഴ്ച പുലർച്ചെ പ്രാദേശിക സമയം ഒരു മണിയോടെയാണ് പടിഞ്ഞാറൻ ഓസ്ലോയിലെ അമേരിക്കൻ നയതന്ത്ര കോമ്പൗണ്ടിൽ സ്ഫോടനം നടന്നത്. എംബസിയുടെ കോൺസുലാർ വിഭാഗത്തിന്റെ പ്രവേശന കവാടത്തിലാണ് സ്ഫോടനമുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
സംഭവം ഒരു അട്ടിമറി ശ്രമമാണെന്ന് നോർവീജിയൻ അധികൃതർ പ്രാഥമികമായി വിലയിരുത്തുന്നു. ഇതൊരു സാധാരണ അപകടമല്ലെന്നും ലക്ഷ്യമിട്ടുള്ള ആക്രമണമാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സ്ഫോടനത്തിന് പിന്നാലെ ബോംബ് സ്ക്വാഡും പൊലീസ് ഹെലികോപ്റ്ററുകളും സ്ഥലത്തെത്തി നിരീക്ഷണം നടത്തി. സംഭവസ്ഥലത്ത് നിന്ന് കൂടുതൽ സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
നയതന്ത്ര കാര്യാലയത്തിന് നേരെ നടന്ന ആക്രമണത്തെ ഗൗരവത്തോടെയാണ് നോർവേ കാണുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും സുരക്ഷാ നടപടികൾ ശക്തമാക്കിയതായും അധികൃതർ വ്യക്തമാക്കി. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നോർവീജിയൻ തലസ്ഥാനത്ത് കടുത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്കായി യുഎസ് എംബസി ഉദ്യോഗസ്ഥരുമായി സഹകരിച്ചാണ് നോർവീജിയൻ പൊലീസ് മുന്നോട്ട് പോകുന്നത്.













