കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ മകൻ മുജ്തബ ഖമനേയി പിൻഗാമിയായേക്കും. അലി ഖമേനിയിയുടെ ആറ് മക്കളിൽ രണ്ടാമനാണ് മുജ്തബ ഖമേനി. അലി ഖമനെയിയുടെ സംസ്കാരചടങ്ങുകൾക്ക് ശേഷം പുരോഹിത സമിതി പിൻഗാമിയുടെ പേര് പ്രഖ്യാപിക്കും. നാലരപതിറ്റാണ്ട് മുന്‍പുള്ള അമേരിക്കന്‍ ആശ്രിതത്തിലേക്ക് ഇറാന്‍ പോകുമോ ആശങ്ക ഉയരുന്നുണ്ട്.
ഖമേനിയുടെ ഏറ്റവും വിശ്വസ്തനും നിഴൽ രൂപവുമായിരുന്ന മോജ്തബ ഭരണസംവിധാനത്തിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നെങ്കിലും, കുടുംബവാഴ്ചയെ ഇറാനിലെ മതനേതൃത്വമായ ‘അസംബ്ലി ഓഫ് എക്സ്പെർട്‌സ്’ ശക്തമായി എതിർക്കുന്നു എന്നും പുറത്തുവരുന്ന വിവരങ്ങൾ ഉണ്ട്. വിപ്ലവാനന്തര ഇറാനിൽ അധികാരം പിതാവിൽ നിന്ന് മകനിലേക്ക് കൈമാറുന്നത് ഇസ്ലാമിക വിപ്ലവത്തിന്റെ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് ഭൂരിഭാഗം മുതിർന്ന പുരോഹിതരും കരുതുന്നു.
മതനേതൃത്വത്തിന്റെ എതിർപ്പും രാഷ്ട്രീയ പ്രതിസന്ധിയും
മോജ്തബ ഖമേനിയെ പരമോന്നത നേതാവായി ഉയർത്തിക്കാട്ടാൻ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശ്രമങ്ങൾ നടന്നിരുന്നു. ഇറാന്റെ ഇന്റലിജൻസ് സംവിധാനങ്ങളിലും റെവല്യൂഷണറി ഗാർഡിലും അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ടെങ്കിലും, ഒരു മതപണ്ഡിതൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ യോഗ്യതകളെക്കുറിച്ച് ഇറാന്റെ ആത്മീയ കേന്ദ്രമായ ഖോമിലെ പുരോഹിതർക്കിടയിൽ ഭിന്നതയുണ്ട്. കുടുംബവാഴ്ച നടപ്പിലാക്കിയാൽ അത് ജനരോഷത്തിന് കാരണമാകുമെന്നും പഴയ ഷാ ഭരണകൂടത്തിനെതിരെയുള്ള വിപ്ലവത്തിന്റെ അന്തഃസത്തയെ തകർക്കുമെന്നും ഇറാൻ ഭരണകൂടത്തിലെ ഒരു വിഭാഗം വാദിക്കുന്നു.
പുതിയ നേതാവിനായുള്ള ചർച്ചകൾ സജീവം
ഖമേനിയുടെ മരണത്തോടെ അതീവ നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് ഇറാൻ കടന്നുപോകുന്നത്. നിലവിലെ താൽക്കാലിക ഭരണസമിതി സമാധാനം നിലനിർത്താൻ ശ്രമിക്കുമ്പോഴും, അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള ‘അസംബ്ലി ഓഫ് എക്സ്പെർട്‌സി’ന്റെ നീക്കങ്ങൾ ലോകം ഉറ്റുനോക്കുകയാണ്. ഇസ്രയേലുമായും അമേരിക്കയുമായും യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ, തീവ്ര നിലപാടുള്ള ഒരു സൈനിക നേതാവിനെയാണോ അതോ സമവായത്തിന് തയ്യാറായ ഒരു മതനേതാവിനെയാണോ രാജ്യം തിരഞ്ഞെടുക്കുക എന്നത് പശ്ചിമേഷ്യയുടെ ഭാവിയെ നിർണ്ണയിക്കും.













