ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ യുഎസും ഇസ്രായേലും ഇറാനും തമ്മിൽ തുടരുന്ന യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങളുമായി പ്രമുഖ മുസ്ലീം രാഷ്ട്രങ്ങൾ രംഗത്ത്. ഈജിപ്ത്, തുർക്കി വിദേശകാര്യ മന്ത്രിമാർ നിലവിൽ പാകിസ്താനിലെത്തിയിട്ടുണ്ട്. വരും മണിക്കൂറുകളിൽ സൗദി വിദേശകാര്യ മന്ത്രി കൂടി എത്തുന്നതോടെ മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനായി അതീവ പ്രാധാന്യമുള്ള ചതുർകക്ഷി ചർച്ചകൾക്ക് ഇസ്ലാമാബാദ് വേദിയാകും. രണ്ടാം മാസത്തിലേക്ക് കടന്ന യുദ്ധം അയൽരാജ്യങ്ങളുടെ അതിർത്തി സുരക്ഷയെയും ഊർജ്ജ ഭദ്രതയെയും ബാധിച്ച പശ്ചാത്തലത്തിലാണ് ഈ അടിയന്തര ഇടപെടൽ.
യുദ്ധം തുടങ്ങിയ ശേഷം അയൽരാജ്യമായ ഇറാനിൽ നിന്ന് വിക്ഷേപിച്ച നിരവധി മിസൈലുകൾ തങ്ങളുടെ വ്യോമാതിർത്തിയിൽ വെച്ച് വെടിവെച്ചിട്ടതായി നാറ്റോ അംഗമായ തുർക്കി വ്യക്തമാക്കിയിരുന്നു. സൗദി അറേബ്യയാകട്ടെ, ഇറാനിൽ നിന്നുള്ള മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നിത്യേനയെന്നോണം നേരിടുകയാണ്. അമേരിക്കയുമായും ഇറാനുമായും അടുത്ത ബന്ധം പുലർത്തുന്ന പാകിസ്താൻ, ഈ സമാധാന നീക്കങ്ങളിൽ നിർണ്ണായകമായ മധ്യസ്ഥ വേഷമാണ് കൈകാര്യം ചെയ്യുന്നത്. വാഷിംഗ്ടൺ മുന്നോട്ടുവെച്ച 15 ഇന സമാധാന പദ്ധതി ടെഹ്‌റാനിലെത്തിക്കുന്നതിൽ പാകിസ്താൻ ഇതിനകം തന്നെ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്.
ഈ ചർച്ചകളിൽ നിന്ന് ഉടനടി ഒരു വലിയ മാറ്റം പ്രതീക്ഷിക്കുന്നത് പ്രായോഗികമല്ലെന്ന് പാകിസ്താൻ പ്രതിരോധ നിരീക്ഷകൻ ലഫ്റ്റനന്റ് ജനറൽ (റിട്ടയേർഡ്) മുഹമ്മദ് സയീദ് അഭിപ്രായപ്പെട്ടു. എങ്കിലും, ഗൾഫ് രാജ്യങ്ങളുടെ താല്പര്യങ്ങൾ പാകിസ്താൻ വഴി ഇറാനെ ബോധിപ്പിക്കാൻ ഈ ചർച്ചകൾ ഉപകരിക്കും. സൗദി അറേബ്യ മുന്നോട്ടുവെക്കുന്ന നിബന്ധനകൾ അംഗീകരിക്കാൻ ഇറാൻ തയ്യാറായാൽ, പാശ്ചാത്യ രാജ്യങ്ങളുമായും അമേരിക്കയുമായും മധ്യസ്ഥത വഹിക്കാൻ സൗദി കൂടുതൽ സജീവമായ പങ്ക് വഹിച്ചേക്കും. ചർച്ചകൾ നടക്കാനിരിക്കുന്ന പാകിസ്താൻ വിദേശകാര്യ മന്ത്രാലയത്തിന് ചുറ്റും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ലോകം ഉറ്റുനോക്കുന്ന ഈ നയതന്ത്ര നീക്കം പശ്ചിമേഷ്യയിലെ യുദ്ധകാഹളത്തിന് അറുതി വരുത്തുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.













