ലണ്ടൻ: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന അതീവ ഗുരുതരമായ സുരക്ഷാ സാഹചര്യങ്ങളെത്തുടർന്ന് ആഗോള ചരക്കുനീക്കത്തിൽ വൻ മാറ്റങ്ങൾക്കൊരുങ്ങി പ്രമുഖ കപ്പൽ കമ്പനികൾ. മേഖലയിലെ സംഘർഷാവസ്ഥയും അനിശ്ചിതത്വവും കാരണം ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്ര ഈ വർഷം ഉടനീളം ഒഴിവാക്കാൻ സാധ്യതയുണ്ടെന്ന് പ്രമുഖ ഷിപ്പിംഗ് ഡാറ്റാ സ്ഥാപനമായ സെനെറ്റയിലെ ചീഫ് അനലിസ്റ്റ് പീറ്റർ സാൻഡ് വ്യക്തമാക്കി. സുരക്ഷാ ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ദക്ഷിണാഫ്രിക്കയിലെ ഗുഡ് ഹോപ്പ് മുനമ്പ് ചുറ്റിയുള്ള ദൈർഘ്യമേറിയ പാത തിരഞ്ഞെടുക്കാൻ കമ്പനികൾ നിർബന്ധിതരാകുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മേഖലയിലെ മറ്റ് പ്രധാന ജലപാതകളായ ബാബ് അൽ-മന്ദബ് കടലിടുക്ക്, സൂയസ് കനാൽ എന്നിവയും കപ്പലുകൾക്ക് സുരക്ഷിതമല്ലാത്ത അവസ്ഥയിലാണ്. യമനിലെ ഹൂതി വിമതരുടെ ആക്രമണങ്ങൾ ബാബ് അൽ-മന്ദബ് കടലിടുക്കിലെ ചരക്കുനീക്കത്തെ നേരത്തെ തന്നെ സാരമായി ബാധിച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് ചെങ്കടൽ വഴിയുള്ള സൂയസ് കനാൽ പാതയ്ക്ക് പകരം ആഫ്രിക്കൻ ഭൂഖണ്ഡം ചുറ്റിയുള്ള നീണ്ട യാത്രയാണ് പല കമ്പനികളും ഇപ്പോൾ പരിഗണിക്കുന്നത്. ഇത് ചരക്കുനീക്കത്തിന് കൂടുതൽ സമയമെടുക്കാനും ചെലവ് വർദ്ധിപ്പിക്കാനും കാരണമാകും.
മേഖലയിൽ തുടരുന്ന അശാന്തി ആഗോള വിതരണ ശൃംഖലയെ വരും വർഷങ്ങളിലും പ്രതിസന്ധിയിലാക്കിയേക്കാം. ദ്രുതഗതിയിലുള്ള യാത്രയ്ക്കായി സൂയസ് കനാൽ ഉപയോഗിക്കുന്നതിന് പകരം ആഗോള കപ്പൽ ശൃംഖലകൾ അടുത്ത ഒരു വർഷത്തേക്കെങ്കിലും ഗുഡ് ഹോപ്പ് മുനമ്പ് വഴി തിരിച്ചുവിടാൻ സാധ്യതയുണ്ടെന്നും പീറ്റർ സാൻഡ് സി.എൻ.എന്നിനോട് പറഞ്ഞു. ഇത് അന്താരാഷ്ട്ര വ്യാപാര മേഖലയിൽ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.













