സോൾ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതമാക്കാനുള്ള അന്താരാഷ്ട്ര നീക്കങ്ങളിൽ പങ്കുചേരാൻ സന്നദ്ധത അറിയിച്ച് ദക്ഷിണ കൊറിയ. കടലിടുക്കിലെ തടസ്സങ്ങൾ രാജ്യത്തിന്റെ ഊർജ്ജ വിതരണത്തെയും സമ്പദ്‌വ്യവസ്ഥയെയും നേരിട്ട് ബാധിക്കുന്ന പശ്ചാത്തലത്തിലാണ് ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രാലയം ഈ നിർണ്ണായക തീരുമാനം പ്രഖ്യാപിച്ചത്. സുരക്ഷിതവും സ്വതന്ത്രവുമായ കപ്പൽ ഗതാഗതം ഉറപ്പാക്കാനുള്ള ആഗോള സമൂഹത്തിന്‍റെ ശ്രമങ്ങളിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുന്നത് അത്യന്താപേക്ഷിതമാണെന്ന് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ മന്ത്രാലയം വ്യക്തമാക്കി. ഇറാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം ഇന്ധനവില കുതിച്ചുയരുന്നത് തടയാൻ കൽക്കരി, ആണവോർജ്ജം എന്നിവയിലേക്ക് രാജ്യം താല്കാലികമായി ചുവടുമാറ്റുകയാണ്.
നേരത്തെ ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നെതർലൻഡ്‌സ്, ജപ്പാൻ എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിലൂടെ ഗൾഫ് മേഖലയിലെ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇറാന്റെ ആക്രമണങ്ങളെയും ഹോർമുസ് കടലിടുക്ക് അടച്ച നടപടിയെയും ശക്തമായി അപലപിച്ചിരുന്നു. കടലിടുക്കിലെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തയ്യാറാണെന്ന് ഈ രാജ്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ ബഹ്‌റൈനും കാനഡയും ഈ സഖ്യത്തിൽ ചേരാൻ സന്നദ്ധത പ്രകടിപ്പിച്ചു.
അതേസമയം, ആഗോള എണ്ണവിപണിയിലെ അനിശ്ചിതത്വം ഒഴിവാക്കാൻ ഹോർമുസ് കടലിടുക്കിലേക്ക് യുദ്ധക്കപ്പലുകളും മൈൻസ്വീപ്പറുകളും അയക്കണമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സഖ്യകക്ഷികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു രാജ്യവും ഇതുവരെ ഔദ്യോഗികമായി സൈന്യത്തെ അയക്കാൻ തയ്യാറായിട്ടില്ല. അമേരിക്കയെ സഹായിക്കാത്ത നാറ്റോ സഖ്യകക്ഷികളെ ട്രംപ് രൂക്ഷമായി വിമർശിക്കുകയും ചെയ്തിട്ടുണ്ട്. ദക്ഷിണ കൊറിയയുടെ പുതിയ നിലപാട് മേഖലയിലെ സംഘർഷാവസ്ഥയിൽ പാശ്ചാത്യ രാജ്യങ്ങൾക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.













