തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്: നടൻ വിജയ് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കും; സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ടിവികെ

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്: നടൻ വിജയ് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കും; സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ടിവികെ

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും പ്രമുഖ നടനുമായ വിജയ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം രണ്ട് മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടും. ചെന്നൈയിൽ നടന്ന വൻ റാലിയിലാണ് വിജയ് തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. ‘സി. ജോസഫ് വിജയ്’ എന്ന തന്റെ ഔദ്യോഗിക പേര് വെളിപ്പെടുത്തിക്കൊണ്ടാണ് താരം മത്സരരംഗത്തിറങ്ങുന്നത്. വടക്കൻ ചെന്നൈയിലെ പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് (ട്രിച്ചി ഈസ്റ്റ്) എന്നീ മണ്ഡലങ്ങളിൽ നിന്നാണ് വിജയ് മത്സരിക്കുക.

തമിഴ്‌നാടിന്റെ മികച്ച ഭാവിക്കായി ജനങ്ങൾ വോട്ട് ചെയ്യണമെന്ന് ചെന്നൈയിലെ റാലിയിൽ വിജയ് ആഹ്വാനം ചെയ്തു. തനിക്ക് നൽകുന്ന ഓരോ വോട്ടും തന്റെ പാർട്ടിയുടെ മറ്റു സ്ഥാനാർത്ഥികൾക്കും നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. തങ്ങളെപ്പോലുള്ള പുതിയ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കെതിരെ നടക്കുന്ന അനീതികൾക്ക് ജനങ്ങൾ ബാലറ്റിലൂടെ മറുപടി നൽകണമെന്നും താരം ആവശ്യപ്പെട്ടു. ലഹരിമുക്ത തമിഴ്‌നാട്, ഉന്നത വിദ്യാഭ്യാസത്തിനായി 20 ലക്ഷം രൂപ വരെയുള്ള സഹായം എന്നിവയാണ് തെരഞ്ഞെടുപ്പിൽ വിജയ് മുന്നോട്ടുവെക്കുന്ന പ്രധാന വാഗ്ദാനങ്ങൾ.

വിജയ് മത്സരിക്കുന്ന പെരമ്പൂർ ഡിഎംകെയുടെ ശക്തമായ കോട്ടയാണ്. 2021-ലെ തിരഞ്ഞെടുപ്പിൽ അരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ ഡിഎംകെ സ്ഥാനാർത്ഥി വിജയിച്ചത്. അതുപോലെ തന്നെ ഡിഎംകെക്ക് ശക്തമായ സ്വാധീനമുള്ള മറ്റൊരു മണ്ഡലമാണ് തിരുച്ചിറപ്പള്ളി ഈസ്റ്റ്. ഡിഎംകെയുടെയും എഐഎഡിഎംകെയുടെയും കോട്ടകളിൽ നേരിട്ടിറങ്ങി കരുത്ത് തെളിയിക്കാനാണ് തമിഴകത്തിന്റെ സ്വന്തം ‘ദളപതി’യുടെ തീരുമാനം. വിജയ്‍യുടെ ഈ ഇരട്ട മണ്ഡല പ്രവേശനം തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


Share Email
LATEST
More Articles
Top