ഇറാനുമായി ഒരു കരാറിനുമില്ലെന്ന് തുറന്നടിച്ച് ട്രംപ്; ശക്തമായതുമായ വ്യവസ്ഥകളിലൂടെ മാത്രമേ ഒരു ഉടമ്പടി സാധ്യമാകൂ, കടുത്ത നിലപാട്

ഇറാനുമായി ഒരു കരാറിനുമില്ലെന്ന് തുറന്നടിച്ച് ട്രംപ്; ശക്തമായതുമായ വ്യവസ്ഥകളിലൂടെ മാത്രമേ ഒരു ഉടമ്പടി സാധ്യമാകൂ, കടുത്ത നിലപാട്

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഒരു കരാറിലെത്താൻ താൻ ഇപ്പോൾ തയാറല്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ശനിയാഴ്ച എൻബിസി ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് അദ്ദേഹം ഈ നിലപാട് പ്രകടിപ്പിച്ചത്. ഇറാൻ കരാറിന് താൽപ്പര്യം കാണിക്കുന്നുണ്ടെങ്കിലും നിലവിലെ നിബന്ധനകൾ തൃപ്തികരമല്ലെന്നും വളരെ ഉറപ്പുള്ളതും ശക്തമായതുമായ വ്യവസ്ഥകളിലൂടെ മാത്രമേ ഒരു ഉടമ്പടി സാധ്യമാകൂ എന്നും ട്രംപ് പറഞ്ഞു. എന്നാൽ കരാറിന്റെ കൃത്യമായ നിബന്ധനകൾ എന്തായിരിക്കണമെന്ന കാര്യത്തിൽ അദ്ദേഹം കൂടുതൽ വിശദീകരണങ്ങൾ നൽകിയില്ല.

ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് ട്രംപ് ഗുരുതരമായ സംശയങ്ങൾ ഉയർത്തി. അധികാരം ഏറ്റെടുത്ത ശേഷം ഖമേനി ഇതുവരെ പൊതുവേദിയിൽ ദൃശ്യമായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഖമേനി ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും തനിക്ക് ഉറപ്പില്ലെന്ന് പറഞ്ഞു. ഖമേനിയുടെ മരണവുമായി ബന്ധപ്പെട്ട വാർത്തകൾ വെറും കിംവദന്തികളാണോ എന്ന് വ്യക്തമല്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഖമേനി ജീവനോടെയുണ്ടെങ്കിൽ തന്റെ രാജ്യത്തിന് വേണ്ടി ബുദ്ധിപരമായ തീരുമാനമെടുക്കണമെന്നും അത് കീഴടങ്ങുക എന്നതാണെന്നും അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു. ഇറാന്റെ ഭാവി നേതാവായി ആരെയാണ് പിന്തുണയ്ക്കുന്നതെന്ന ചോദ്യത്തിന്, നല്ല ഭരണനേതൃത്വം നൽകാൻ കഴിവുള്ള നിരവധി വ്യക്തികൾ നിലവിലുണ്ടെന്നായിരുന്നു ട്രംപിന്റെ മറുപടി.

അതേസമയം, ആഗോളതലത്തിൽ ഇന്ധനവിലകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ റഷ്യയുടെ എണ്ണമേഖലയ്ക്ക് മേൽ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളിൽ ഇളവ് വരുത്തിയ തീരുമാനത്തെ ട്രംപ് ന്യായീകരിച്ചു. ലോകത്തിന് എണ്ണ ആവശ്യമാണെന്നും പ്രതിസന്ധി അവസാനിച്ച ശേഷം ഉപരോധങ്ങൾ വീണ്ടും ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രൈനിലേക്കുള്ള സഹായത്തെക്കുറിച്ചുള്ള ചോദ്യത്തിന്, സഹായം ഏറ്റവും കുറവ് ആവശ്യമുള്ള വ്യക്തി വോളോഡിമർ സെലൻസ്‌കിയാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാനിയൻ ഡ്രോണുകൾക്കെതിരെ പ്രതിരോധിക്കാൻ തങ്ങളുടെ സൈന്യത്തിനുള്ള അനുഭവപരിചയം പങ്കുവെക്കാമെന്ന സെലൻസ്‌കിയുടെ വാഗ്ദാനത്തെ തള്ളിക്കളയുന്നതായിരുന്നു ഈ പ്രതികരണം.

Share Email
LATEST
Top