ഹോർമുസ് കടലിടുക്ക് തുറക്കാൻ നൽകിയ സമയം നീട്ടുമോ? അന്തിമ തീരുമാനം ദൗത്യസംഘത്തിന് വിട്ട് ട്രംപ്

ഹോർമുസ് കടലിടുക്ക് തുറക്കാൻ നൽകിയ സമയം നീട്ടുമോ? അന്തിമ തീരുമാനം ദൗത്യസംഘത്തിന് വിട്ട് ട്രംപ്

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഇറാനു നൽകിയ സമയപരിധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ, നിലപാടിൽ അയവ് വരുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമയപരിധി നീട്ടി നൽകുമോ എന്ന കാര്യത്തിൽ താൻ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ചർച്ചകൾക്ക് നേതൃത്വം നൽകുന്ന തന്റെ പ്രത്യേക ദൗത്യസംഘത്തിന്റെ നിർദ്ദേശാനുസരണം മാത്രമേ തുടർനടപടികൾ സ്വീകരിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, മരുമകൻ ജാരെഡ് കുഷ്നർ എന്നിവരാണ് ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. “ചർച്ചകൾ ഏത് ദിശയിലാണ് പോകുന്നതെന്ന് അവർ എന്നെ അറിയിക്കും. പുരോഗതിയില്ലെന്ന് തോന്നുകയാണെങ്കിൽ കർശന നടപടികളിലേക്ക് കടക്കും,” ട്രംപ് പറഞ്ഞു. നേരത്തെ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സമയപരിധി അവസാനിക്കേണ്ടിയിരുന്നത്. എന്നാൽ സമാധാന ചർച്ചകൾ പരിഗണിച്ച് അത് വെള്ളിയാഴ്ച വരെ നീട്ടുകയായിരുന്നു.

രണ്ടാമത്തെ സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ഇനിയും ധാരാളം സമയമുണ്ടെന്നാണ് ട്രംപിന്റെ വാദം. “നമുക്ക് ഇനിയും ഒരുപാടു സമയമുണ്ട്. ഒരു ദിവസം എന്നത് ‘ട്രംപ് ടൈമിൽ’ (Trump time) ഒരു യുഗത്തിന് തുല്യമാണ്,” എന്നും അദ്ദേഹം തമാശരൂപേണ കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്ക് തുറക്കാത്ത പക്ഷം ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള സൈനിക നടപടികൾ അമേരിക്ക ആലോചിക്കുന്നതിനിടെയാണ് ട്രംപിന്റെ ഈ പുതിയ പ്രസ്താവന പുറത്തുവരുന്നത്.

Share Email
LATEST
More Articles
Top