വാഷിംഗ്ടണ്‍: ഇറാന്റെ തന്ത്രപ്രധാനമായ ദ്വീപായ ഖാര്‍ഗ് ദ്വീപിലെ സൈനീക കേന്ദ്രങ്ങള്‍ അമേരിക്കന്‍ സേന പൂര്‍ണമായി തകര്‍ത്തതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വന്‍ തോതില്‍ ഈ ദ്വീപില്‍ ബോംബ് വര്‍ഷിച്ചതായും സൈനീക കേന്ദ്രങ്ങള്‍ പൂര്‍ണമായും തകര്‍ന്നതായും ട്രംപ് വ്യക്തമാക്കി. ഹോര്‍മൂസ് കടലിടുക്കുവഴിയുള്ള കപ്പല്‍ ഗതാഗതം തടഞ്ഞ ഇറാന്റെ നടപടിക്കുള്ള തിരിച്ചടിയാണിതെന്നാണ് ട്രംപിന്റെ പ്രതികരണം.
നിലവില്‍ ദ്വീപിലെ എണ്ണപ്പാടങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും വേണ്ടിവന്നാല്‍ എണ്ണപ്പാടങ്ങളും ആക്രമിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ദ്വീപിലെ എല്ലാ സൈനിക ലക്ഷ്യങ്ങളും നശിപ്പിച്ചതായും ട്രംപ് പറഞ്ഞു. ഈ പ്രദേശത്തു നടത്തിയ ഏറ്റവും ശക്തമായ സൈനിക നടപടികളില്‍ ഒന്നായിരുന്നു ആക്രമണമെന്ന് ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു. തന്റെ നിര്‍ദേശപ്രകാരം അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് മിഡില്‍ ഈസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ബോംബിംഗ് നടത്തി. ഖാര്‍ഗ് ദ്വീപിലെ എല്ലാ സൈനിക ലക്ഷ്യങ്ങളെയും പൂര്‍ണ്ണമായും ഇല്ലാതാക്കി. ട്രംപ് കുറിച്ചു.
ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രവും ഗള്‍ഫിലെ ഒരു പ്രധാന തന്ത്രപ്രധാന സ്ഥലവുമാണ് ഖാര്‍ഗ് ദ്വീപ്. ദ്വീപിന്റെ എണ്ണ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുന്നത് അമേരിക്ക മനഃപൂര്‍വ്വം ഒഴിവാക്കിയതായി പ്രസിഡന്റ് പറഞ്ഞു, എന്നാല്‍ ഇറാന്‍ ഹോര്‍മൂസ് മേഖലയിലെ കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്തിയാല്‍ ആ നിലപാട് മാറ്റുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സ്വതന്ത്രവും സുരക്ഷിതവുമായ യാത്രയ്ക്ക് പ്രതികൂലമായി ആരെങ്കിലും നിന്നാല്‍ എണ്ണപ്പാടം ആക്രമിക്കില്ലെന്ന നിലവിലെ തീരുമാനം പുനപരിശോധിക്കേണ്ടിവരും. ലോകം ഇതുവരെ ഉപയോഗിച്ചിട്ടുളളതില്‍ വച്ച് ഏറ്റവും ശക്തവും സങ്കീര്‍ണ്ണവുമായ ആയുധങ്ങളാണ് അമേരിക്കന്‍ ആയുധങ്ങളെന്നും ഇറാന് ഇവ ഒന്നിനെയും പ്രതിരോധിക്കാന്‍ കഴിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന്‍ ഒരിക്കലും ആണവായുധങ്ങള്‍ നേടരുതെന്നതാണ് അമേരിക്കന്‍ നിലപാടെന്ന് ഇന്നലെയും ട്രംപ് ആവര്‍ത്തിച്ചു. ഏറ്റുമുട്ടല്‍ ഉപേക്ഷിക്കാന്‍ ഇറാന്‍ സൈന്യത്തിന്് ട്രംപ് കര്‍ശനമായ മുന്നറിയിപ്പ് നല്‍കി. ആയുധങ്ങള്‍ താഴെവെച്ച് അവരുടെ രാജ്യത്ത് അവശേഷിക്കുന്നത് സംരക്ഷിക്കുന്നതാണ് ബുദ്ധിപരമെന്നും പറഞ്ഞു.
ഇറാന്‍ തീരത്ത് നിന്ന് 33 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപായ ഖാര്‍ഗ് ദ്വീപ്, രാജ്യത്തിന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രവു രാജ്യത്തിന്റെ നിര്‍ണായകമായ സാമ്പത്തിക ആസ്തികളില്‍ ഒന്നുമാണെന്ന് അസോസിയേറ്റഡ് പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ മൃഗീയ പങ്കും ഈ ദ്വീപിലൂടെയാണ് കടന്നുപോകുന്നത്. യുദ്ധം ആരംഭിച്ചതിനുശേഷം, ഇറാന്‍ ഏകദേശം 13.7 ദശലക്ഷം ബാരല്‍ എണ്ണ കയറ്റുമതി ചെയ്തിട്ടുണ്ട്.
എണ്ണ കയറ്റുമതി ഇറാന്റെ വരുമാനത്തിന്റെ ഒരു പ്രധാന പങ്ക് നല്‍കുന്നു, കയറ്റുമതി ചൈന ഉള്‍പ്പെടെയുള്ളരാജ്യങ്ങളിലേക്കാണ്. ഖാര്‍ഗ് ദ്വീപിലെ ഏതൊരു പ്രതിസന്ധിയും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിക്കുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.
Trump says Iran’s military bases on strategic Kharg Island have been destroyed: US President says oil fields will be destroyed if necessary













