നിരുപാധികം കീഴടങ്ങണം, അല്ലാതെ ഇറാനോട് ഒരു കരാറിനുമില്ലെന്ന് ഡോണൾഡ് ട്രംപ്; മേക്ക് ഇറാൻ ഗ്രേറ്റ് എഗെയ്ൻ മുദ്രാവാക്യവുമായി പ്രസിഡന്റ്

നിരുപാധികം കീഴടങ്ങണം, അല്ലാതെ ഇറാനോട് ഒരു കരാറിനുമില്ലെന്ന് ഡോണൾഡ് ട്രംപ്; മേക്ക് ഇറാൻ ഗ്രേറ്റ് എഗെയ്ൻ മുദ്രാവാക്യവുമായി പ്രസിഡന്റ്

വാഷിം​ഗ്ടൺ: ഇറാന് നേരെയുള്ള അമേരിക്കൻ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കാൻ വ്യക്തമായ നിബന്ധനകൾ മുന്നോട്ടുവെച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. “നിരുപാധികമായ കീഴടങ്ങൽ, അല്ലാതെ ഇറാനുമായി മറ്റൊരു കരാറുമില്ല” എന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി. സൈനിക നടപടികൾ എന്നത്തേക്ക് അവസാനിക്കുമെന്ന കാര്യത്തിൽ ട്രംപ് കൃത്യമായ ഒരു തീയതി നൽകിയിട്ടില്ല. നാലോ അഞ്ചോ ആഴ്ചകൾക്കുള്ളിൽ ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നതായും, എന്നാൽ “ഒന്നിനും സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും കാര്യങ്ങൾ ഭംഗിയായി തീർക്കുകയാണ് ലക്ഷ്യമെന്നും” അദ്ദേഹം ടൈം മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“മഹത്തായതും സ്വീകാര്യനുമായ ഒരു നേതാവിനെ തിരഞ്ഞെടുത്ത ശേഷം, ഇറാനെ തകർച്ചയുടെ വക്കിൽ നിന്ന് തിരികെ കൊണ്ടുവരാൻ അമേരിക്കയും സഖ്യകക്ഷികളും വിശ്രമമില്ലാതെ പ്രവർത്തിക്കും. ഇറാനെ സാമ്പത്തികമായി എന്നത്തേക്കാളും വലുതും ശക്തവുമാക്കും,” ട്രംപ് കുറിച്ചു. “ഇറാന് വലിയൊരു ഭാവി ഉണ്ടാകും. മേക്ക് ഇറാൻ ഗ്രേറ്റ് എഗെയ്ൻ (MIGA!)” എന്ന പുതിയ മുദ്രാവാക്യവും അദ്ദേഹം ഇതിനൊപ്പം ഉയർത്തി.

കഴിഞ്ഞ ശനിയാഴ്ച നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയെ നിശ്ചയിക്കുന്ന കാര്യത്തിൽ തനിക്ക് വ്യക്തിപരമായ ഇടപെടൽ വേണമെന്നും ട്രംപ് ആഗ്രഹം പ്രകടിപ്പിച്ചു. ഇറാന്റെ പരമാധികാരത്തിന് മേലുള്ള നേരിട്ടുള്ള ഇടപെടലായി ട്രംപിന്റെ ഈ പ്രസ്താവനകൾ വിലയിരുത്തപ്പെടുന്നുണ്ട്. മേഖലയിലെ സംഘർഷം പുതിയ തലങ്ങളിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണിത്.

Share Email
LATEST
More Articles
Top