വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് ഉടൻ തുറന്നുനൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനുമായുള്ള ചർച്ചകൾ നിലവിലെ വേഗതയിൽ തുടർന്നാൽ വൈകാതെ തന്നെ ഈ പാതയിലൂടെയുള്ള ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കപ്പെടുമെന്ന് സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയും നിയന്ത്രണവും അമേരിക്കയും ഇറാനും സംയുക്തമായി ഏറ്റെടുക്കുന്ന തരത്തിലുള്ള ഒരു ക്രമീകരണമാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു.
സംഘർഷത്തിന്റെ തുടക്കത്തിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഇറാന്റെ ഉന്നത നേതൃത്വത്തിന് വൻ നാശനഷ്ടമുണ്ടായതായും ഇത് സ്വാഭാവികമായ ഒരു ഭരണമാറ്റത്തിന് (റെജിം ചേഞ്ച്) വഴിയൊരുക്കിയതായും ട്രംപ് അവകാശപ്പെട്ടു. ഇപ്പോൾ ഇറാൻ ഭരണകൂടത്തിനുള്ളിൽ നിന്ന് തന്നെ വളരെ വിവേകമുള്ള ചില വ്യക്തികളുമായാണ് ചർച്ചകൾ നടത്തുന്നതെന്നും അവരിലൊരാൾ തങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള നേതൃത്വത്തിലേക്ക് ഉയർന്നുവരാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
കഴിഞ്ഞ വാരാന്ത്യത്തിലെ ചർച്ചകൾ യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിൽ വലിയ പ്രതീക്ഷ നൽകുന്നുണ്ട്. നിലവിൽ താൻ ചർച്ച നടത്തുന്നത് വളരെ മാന്യരും ദൃഢനിശ്ചയമുള്ളവരുമായ ആളുകളോടാണ്. ഇറാനിലെ ജനങ്ങൾക്കിടയിൽ ഏറെ ബഹുമാനിക്കപ്പെടുന്ന ഇവരിലൊരാൾ ഒരുപക്ഷേ അമേരിക്ക പ്രതീക്ഷിക്കുന്ന മാറ്റത്തിന്റെ പ്രതിനിധിയായി മാറിയേക്കാമെന്നും ട്രംപ് കൂട്ടിച്ചേർത്തു. പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കാനും ആഗോള വിതരണ ശൃംഖലയെ ബാധിക്കുന്ന ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി പരിഹരിക്കാനും ഈ നയതന്ത്ര നീക്കങ്ങൾ നിർണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.











