കനത്ത മുന്നറിയിപ്പുമായി യുഎഇ, കൈയും കെട്ടി നോക്കിനിൽക്കില്ലെന്ന് പ്രതികരണം; യുഎഇക്ക് നേരെ തൊടുത്തുവിട്ടത് 137 ബാലിസ്റ്റിക് മിസൈലുകൾ

കനത്ത മുന്നറിയിപ്പുമായി യുഎഇ, കൈയും കെട്ടി നോക്കിനിൽക്കില്ലെന്ന് പ്രതികരണം; യുഎഇക്ക് നേരെ തൊടുത്തുവിട്ടത് 137 ബാലിസ്റ്റിക് മിസൈലുകൾ

അബുദാബി: തങ്ങളുടെ മണ്ണിലേക്ക് ഇറാൻ നടത്തുന്ന മിസൈൽ-ഡ്രോൺ വർഷങ്ങൾ ഇനിയും തുടർന്നാൽ ശക്തമായ സൈനിക തിരിച്ചടി നൽകുമെന്ന് ഐക്യ അറബ് എമിറേറ്റ്സ് മുന്നറിയിപ്പ് നൽകി. ശനിയാഴ്ച രാത്രി മുതൽ ഉണ്ടായ അഭൂതപൂർവമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമിയാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. “ഞങ്ങൾ കൈകെട്ടി നോക്കിനിൽക്കില്ല” എന്ന് സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ അവർ തുറന്നടിച്ചു.

ശനിയാഴ്ച രാത്രി മാത്രം ഇറാൻ 137 ബാലിസ്റ്റിക് മിസൈലുകളും 209 ഡ്രോണുകളുമാണ് യുഎഇക്ക് നേരെ തൊടുത്തുവിട്ടത്. അബുദാബിയെയും വിനോദസഞ്ചാര കേന്ദ്രമായ ദുബായിയെയുമാണ് ഇറാൻ പ്രധാനമായും ലക്ഷ്യം വെച്ചത്. ലോകത്തിലെ ഏറ്റവും മികച്ച മിസൈൽ പ്രതിരോധ സംവിധാനങ്ങളിലൊന്ന് യുഎഇക്ക് ഉണ്ടെന്ന് മന്ത്രി അവകാശപ്പെട്ടു. ഭൂരിഭാഗം മിസൈലുകളും ഡ്രോണുകളും തകർത്തെങ്കിലും, 14 ഡ്രോണുകൾ ലക്ഷ്യസ്ഥാനങ്ങളിൽ പതിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതുവരെ സമാധാനപരമായ അയൽപക്ക ബന്ധം ആഗ്രഹിച്ചിരുന്ന യുഎഇ, ഇറാൻ ആക്രമണം തുടർന്നാൽ കൂടുതൽ ആക്രമണാത്മകമായ സൈനിക റോളിലേക്ക് മാറാൻ തയ്യാറാണെന്ന് ഹാഷിമി വ്യക്തമാക്കി. “ഇനി എന്ത് വേണമെന്ന് തീരുമാനിക്കേണ്ടത് ഇറാന്റെ ഉത്തരവാദിത്തമാണ്,” അവർ കൂട്ടിച്ചേർത്തു. സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പാക്കാൻ ഏതറ്റം വരെയും പോകുമെന്ന് യുഎഇ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. ദുബായ്, അബുദാബി വിമാനത്താവളങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുകയും സാധാരണ നിലയിലേക്ക് പ്രവർത്തനം കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുകയും ചെയ്യുന്നു. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് പ്രവാസികൾ വസിക്കുന്ന യുഎഇയിൽ യുദ്ധഭീതി പടരുന്നത് ആശങ്കാജനകമാണ്.

Share Email
LATEST
Top