ലണ്ടൻ: ഇറാനെതിരായ അമേരിക്കൻ വ്യോമാക്രമണങ്ങളിൽ ബ്രിട്ടീഷ് സർക്കാർ നേരിട്ട് പങ്കാളികളാണെന്ന ഗുരുതര ആരോപണവുമായി ബ്രിട്ടീഷ് പാർലമെന്റ് അംഗം സറ സുൽത്താന രംഗത്തെത്തി. ഇറാനിൽ ദൗത്യങ്ങൾ നടത്തുന്നതിന് മുൻപായി അമേരിക്കയുടെ ബി-1 ബോംബർ വിമാനങ്ങൾ ബ്രിട്ടീഷ് സൈനിക താവളങ്ങളിൽ ഇറങ്ങുന്നുണ്ടെന്ന് അവർ അവകാശപ്പെട്ടു. തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് സറ സുൽത്താന ഈ വെളിപ്പെടുത്തൽ നടത്തിയത്.
ബ്രിട്ടീഷ് മണ്ണിൽ ഇറങ്ങിയ ശേഷം അവിടെനിന്നാണ് വിമാനങ്ങൾ ഇറാനിൽ ബോംബിടാൻ പറന്നുയരുന്നതെന്നും, ഇത് നിലവിലെ സംഘർഷത്തിൽ യുണൈറ്റഡ് കിംഗ്ഡത്തിന്റെ നേരിട്ടുള്ള പങ്കാളിത്തമാണ് വ്യക്തമാക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറുടെ നിലപാടുകളെയും സറ സുൽത്താന രൂക്ഷമായി വിമർശിച്ചു. രാജ്യം യുദ്ധത്തിലല്ലെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അവർ ആരോപിച്ചു.
ഇറാനിയൻ മിസൈൽ താവളങ്ങളെ ലക്ഷ്യം വെച്ചുള്ള ‘പ്രതിരോധ’പരമായ ആക്രമണങ്ങൾക്ക് മാത്രമേ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കൂ എന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ നിലപാടിന് വിരുദ്ധമായാണ് ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നതെന്ന് എം.പി. ചൂണ്ടിക്കാട്ടി. ബ്രിട്ടന്റെ സൈനിക താവളങ്ങൾ വിദേശ രാജ്യങ്ങളുടെ ആക്രമണങ്ങൾക്കായി വിട്ടുനൽകുന്നത് മേഖലയിലെ അശാന്തി വർദ്ധിപ്പിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. സറ സുൽത്താനയുടെ ഈ വെളിപ്പെടുത്തൽ ബ്രിട്ടീഷ് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.













