ദോഹ: റഷ്യയുമായുള്ള യുദ്ധത്തിൽ ഡ്രോൺ സാങ്കേതികവിദ്യയിലും മിസൈൽ പ്രതിരോധത്തിലും ഉക്രെയ്ൻ കൈവരിച്ച സമാനതകളില്ലാത്ത വൈദഗ്ധ്യം പ്രയോജനപ്പെടുത്താൻ ഗൾഫ് രാജ്യങ്ങൾ കൈകോർക്കുന്നു. സൗദി അറേബ്യയുമായി ഒപ്പിട്ട കരാറിന് തൊട്ടുപിന്നാലെ, ഖത്തറുമായും ഉക്രെയ്ൻ സുപ്രധാന പ്രതിരോധ കരാറിൽ ഏർപ്പെട്ടു. സാങ്കേതിക മേഖലയിലെ സഹകരണം, സംയുക്ത പദ്ധതികൾ, പ്രതിരോധ നിക്ഷേപം, ഡ്രോൺ-മിസൈൽ പ്രതിരോധ രംഗത്തെ അറിവുകൾ പങ്കുവെക്കൽ എന്നിവയുൾപ്പെടെ പത്തു വർഷത്തെ സുപ്രധാന പങ്കാളിത്തത്തിനാണ് ഇരുരാജ്യങ്ങളും തുടക്കമിട്ടിരിക്കുന്നത്. ഖത്തർ വിദേശകാര്യ മന്ത്രാലയവും ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡമിർ സെലൻസ്‌കിയും ശനിയാഴ്ചയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
കഴിഞ്ഞ നാലു വർഷമായി റഷ്യൻ അധിനിവേശത്തെ നേരിടുന്ന ഉക്രെയ്ൻ, ഇറാനിയൻ നിർമ്മിത ഷാഹേദ് ഡ്രോണുകളെ പ്രതിരോധിക്കുന്നതിൽ വലിയ പ്രാവീണ്യം നേടിയിട്ടുണ്ട്. ഇതേ ഡ്രോണുകൾ ഉപയോഗിച്ച് ഇറാൻ ഗൾഫ് മേഖലയിലും ഭീഷണി ഉയർത്തുന്ന പശ്ചാത്തലത്തിലാണ് ഉക്രെയ്നിന്റെ സഹായം തേടാൻ ഗൾഫ് രാഷ്ട്രങ്ങൾ തീരുമാനിച്ചത്. ഖത്തറിന് പുറമെ സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവിടങ്ങളിലും സന്ദർശനം നടത്തിയ സെലൻസ്‌കി, ഡ്രോൺ കൂട്ടങ്ങളെ ആകാശത്തുവെച്ച് തകർക്കുന്നതിലുള്ള തന്റെ രാജ്യത്തിന്റെ അനുഭവസമ്പത്ത് പങ്കുവെച്ചു. വരും ദശകത്തിൽ ഇരുരാജ്യങ്ങളുടെയും സുരക്ഷ ശക്തമാക്കാൻ ഈ സഹകരണം ഉപകരിക്കുമെന്ന് ചർച്ചകൾക്ക് ശേഷം സെലൻസ്‌കി വ്യക്തമാക്കി.













