ലെബനനിൽ സൈനിക പരിഹാരമില്ല, നയതന്ത്രം മാത്രം ഏക പോംവഴി; ആഞ്ഞടിച്ച് യുഎൻ സെക്രട്ടറി ജനറൽ

ലെബനനിൽ സൈനിക പരിഹാരമില്ല, നയതന്ത്രം മാത്രം ഏക പോംവഴി; ആഞ്ഞടിച്ച് യുഎൻ സെക്രട്ടറി ജനറൽ

ബെയ്റൂട്ട്: ഇസ്രായേൽ ആക്രമണത്തിൽ തകർന്നടിഞ്ഞ ലെബനനിലെ സ്ഥിതിഗതികളിൽ അതീവ ദുഃഖം രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്. ആക്രമണത്തിൽ പരിക്കേറ്റ സിവിലിയന്മാരെയും അഭയാർത്ഥികളായ ലക്ഷക്കണക്കിന് ആളുകളെയും നേരിട്ട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണ ലെബനൻ ഒരു ശൂന്യഭൂമിയായി മാറാൻ സാധ്യതയുണ്ടെന്നും ഇസ്രായേൽ ഒഴിപ്പിക്കൽ ഉത്തരവ് നൽകിയ തെക്കൻ ബെയ്റൂട്ട് പൂർണ്ണമായും ബോംബിട്ട് നശിപ്പിക്കപ്പെടാൻ ഇടയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ലെബനനിലെ ജനങ്ങൾ ഈ യുദ്ധം തിരഞ്ഞെടുത്തവരല്ലെന്നും അവർ ഇതിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയായിരുന്നുവെന്നും ഗുട്ടെറസ് ചൂണ്ടിക്കാട്ടി. യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന കക്ഷികൾക്ക് തനിക്ക് നൽകാനുള്ള സന്ദേശം വ്യക്തമാണെന്നും ഉടൻ തന്നെ പോരാട്ടവും ബോംബാക്രമണവും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ പ്രതിസന്ധിക്ക് ഒരു സൈനിക പരിഹാരമില്ലെന്നും നയതന്ത്ര ചർച്ചകളും സംവാദങ്ങളും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറുകളും സുരക്ഷാ കൗൺസിൽ പ്രമേയങ്ങളും നടപ്പിലാക്കുകയുമാണ് ഏക വഴിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഏത് സാഹചര്യത്തിലും സിവിലിയന്മാരെ ആദരിക്കുകയും അവർക്ക് സംരക്ഷണം നൽകുകയും വേണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ലെബനന്റെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും എല്ലാ രാജ്യങ്ങളും മാനിക്കണമെന്നും ഈ യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്നും ഗുട്ടെറസ് ആഹ്വാനം ചെയ്തു. ലെബനനിലെ നിലവിലെ ഭയാനകമായ സാഹചര്യത്തിൽ ലോകരാജ്യങ്ങളുടെ ഇടപെടൽ അത്യാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Share Email
LATEST
More Articles
Top