മിഡിൽ ഈസ്റ്റിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനുള്ള ദൗത്യം; 50 പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തി ട്രംപ് ഭരണകൂടം

മിഡിൽ ഈസ്റ്റിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനുള്ള ദൗത്യം; 50 പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തി ട്രംപ് ഭരണകൂടം

വാഷിംഗ്ടൺ: ഇറാനും യുഎസ്-ഇസ്രായേൽ സഖ്യവും തമ്മിലുള്ള യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ മിഡിൽ ഈസ്റ്റിൽ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിക്കാൻ വിപുലമായ സജ്ജീകരണങ്ങളുമായി അമേരിക്ക. യുദ്ധം ആരംഭിച്ചതുമുതൽ ഇതുവരെ ഏകദേശം അമ്പതോളം ചാർട്ടർ വിമാനങ്ങൾ ഇതിനായി സജ്ജീകരിച്ചതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഇന്ന് അവസാനിക്കുന്നതോടെ നാല് ഡസനിലധികം വിമാനങ്ങൾ സർവീസ് പൂർത്തിയാക്കുമെന്നും ആയിരക്കണക്കിന് അമേരിക്കക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ സാധിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

മേഖലയിൽ വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ചാർട്ടർ വിമാനങ്ങളുടെയും പ്രത്യേക കരഗതാഗത സംവിധാനങ്ങളുടെയും എണ്ണം കുറയ്ക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ മിഡിൽ ഈസ്റ്റിലുള്ള പൗരന്മാരെ സഹായിക്കുന്നതിൽ ട്രംപ് ഭരണകൂടം പരാജയപ്പെട്ടുവെന്നും നിസ്സംഗത കാട്ടിയെന്നും വ്യാപകമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അതീവ ജാഗ്രതയോടെയുള്ള പുതിയ ഒഴിപ്പിക്കൽ നടപടികൾ. സ്വന്തം പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് നിലവിൽ മുൻഗണന നൽകുന്നതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

Share Email
LATEST
Top