വാഷിംഗ്ടൺ: ഇറാനെതിരെയുള്ള അമേരിക്ക-ഇസ്രായേൽ സംയുക്ത സൈനിക നീക്കത്തിൽ പ്രതിഷേധിച്ച് യുഎസ് നാഷണൽ കൗണ്ടർ ടെററിസം സെന്റർ തലവൻ ജോ കെന്റ് രാജിവെച്ചു. തന്റെ മനഃസാക്ഷിയെ മുൻനിർത്തി ഇറാന്റെ മേലുള്ള ഈ യുദ്ധത്തെ പിന്തുണയ്ക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അയച്ച രാജിസന്ദേശം അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പുറത്തുവിട്ടത്. ഇറാൻ അമേരിക്കയ്ക്ക് ഉടനടി ഭീഷണിയാകുന്ന ഒരു സാഹചര്യവും നിലവിലില്ലായിരുന്നുവെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
ഇസ്രായേലിന്റെയും അമേരിക്കയിലെ കരുത്തുറ്റ ഇസ്രായേൽ അനുകൂല ലോബികളുടെയും സമ്മർദ്ദത്തിന് വഴങ്ങിയാണ് അമേരിക്ക ഈ യുദ്ധം ആരംഭിച്ചതെന്ന് അദ്ദേഹം തുറന്നടിച്ചു. യുദ്ധം തുടങ്ങിയ സാഹചര്യം വ്യക്തമാണെന്നും അത് ഒഴിവാക്കാമായിരുന്നുവെന്നും ജോ കെന്റ് തന്റെ കത്തിലൂടെ വാദിക്കുന്നു. ഭരണകൂടത്തിനുള്ളിലെ ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് തന്നെ യുദ്ധത്തിനെതിരെ പരസ്യമായ എതിർപ്പ് ഉയരുന്നത് ട്രംപ് ഭരണകൂടത്തിന് വലിയ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ സുരക്ഷാ നയങ്ങളിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഒരു ഉദ്യോഗസ്ഥന്റെ ഈ രാജി യുദ്ധത്തോടുള്ള അമേരിക്കൻ സമീപനത്തെക്കുറിച്ച് പുതിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.











