വാഷിംഗ്ടൺ: ഇറാൻ ഭരണകൂടത്തിന്റെ സൈനിക ശേഷിയെ ദീർഘകാലത്തേക്ക് തകർക്കുക എന്ന ലക്ഷ്യത്തോടെ യുദ്ധം അല്പകാലം കൂടി തുടരുമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. പ്രശസ്ത പോഡ്കാസ്റ്റർ ബെന്നി ജോൺസണ് നൽകിയ അഭിമുഖത്തിലാണ് ഇറാൻ യുദ്ധത്തെക്കുറിച്ചും ട്രംപ് ഭരണകൂടത്തിന്റെ ഭാവി നയങ്ങളെക്കുറിച്ചും വാൻസ് വ്യക്തമാക്കിയത്. ഭൂരിഭാഗം സൈനിക ലക്ഷ്യങ്ങളും ഇതിനകം തന്നെ അമേരിക്ക കൈവരിച്ചിട്ടുണ്ട്. എങ്കിലും, ഭാവിയിൽ ഇത്തരമൊരു നടപടി വീണ്ടും ആവർത്തിക്കേണ്ടി വരാത്ത വിധം ഇറാന്റെ പ്രഹരശേഷി പൂർണ്ണമായും ഇല്ലാതാക്കുക എന്നതാണ് ഇപ്പോഴത്തെ നീക്കത്തിന്റെ പ്രധാന ലക്ഷ്യമെന്ന് വാൻസ് പറഞ്ഞു.
യുദ്ധം മൂലം ആഗോളതലത്തിൽ ഇന്ധനവില വർദ്ധിച്ചിട്ടുണ്ടെന്ന വസ്തുത വാൻസ് സമ്മതിച്ചു. എന്നാൽ ഇത് താൽക്കാലികമായ പ്രതിഭാസം മാത്രമാണെന്നും യുദ്ധം അവസാനിക്കുന്നതോടെ വില സാധാരണ നിലയിലാകുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഒരു വർഷമോ അതിലധികമോ കാലം ഇറാനിൽ തുടരാൻ തങ്ങൾക്ക് താല്പര്യമില്ലെന്ന് വ്യക്തമാക്കിയ വൈസ് പ്രസിഡന്റ്, വളരെ വേഗത്തിൽ തന്നെ ദൗത്യം പൂർത്തിയാക്കി മടങ്ങുമെന്നും അറിയിച്ചു. സമാധാനം പുനഃസ്ഥാപിക്കുന്നതിനും മേഖലയിലെ ഭീഷണി എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നതിനുമുള്ള നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് നിലവിൽ സൈനിക നീക്കം കടന്നുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.













