നരകത്തിലേക്ക് സ്വാഗതം, യുഎസ് സൈന്യത്തിന് ശവപ്പെട്ടിയൊരുക്കുമെന്ന് ഇറാന്‍റെ മുന്നറിയിപ്പ്; കാര്യങ്ങൾ കൂടുതൽ വഷളാകുന്നു

നരകത്തിലേക്ക് സ്വാഗതം, യുഎസ് സൈന്യത്തിന് ശവപ്പെട്ടിയൊരുക്കുമെന്ന് ഇറാന്‍റെ മുന്നറിയിപ്പ്; കാര്യങ്ങൾ കൂടുതൽ വഷളാകുന്നു

ന്യൂഡൽഹി/ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ‘ടെഹ്‌റാൻ ടൈംസ്’. “നരകത്തിലേക്ക് സ്വാഗതം” എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച മുഖചിത്രത്തിൽ, ഇറാന്റെ മണ്ണിൽ കാൽകുത്തുന്ന അമേരിക്കൻ സൈനികർ ശവപ്പെട്ടിയിലല്ലാതെ തിരിച്ചുപോകില്ലെന്ന് പത്രം മുന്നറിയിപ്പ് നൽകുന്നു. പശ്ചിമേഷ്യയിലേക്ക് പതിനായിരത്തോളം അധിക സൈനികരെ കൂടി വിന്യസിക്കാൻ അമേരിക്ക ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇറാന്റെ ഈ പ്രകോപനപരമായ പ്രതികരണം.

ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണങ്ങൾക്ക് ശേഷം മേഖലയിൽ സംഘർഷം അതീവ ഗുരുതരമായി തുടരുകയാണ്. ഇറാനിൽ ഒരു കരയുദ്ധത്തിന് വാഷിംഗ്ടൺ തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹങ്ങൾ പുതിയ സൈനിക വിന്യാസത്തോടെ ശക്തമായി. നിലവിൽ ആയിരക്കണക്കിന് പാരച്യൂട്ട് ഭടന്മാരും മറീനുകളും മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഇറാനുമായുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുകയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിക്കുമ്പോഴും, കൂടുതൽ സൈനിക ഓപ്ഷനുകൾ കൈവശം വെക്കുക എന്നതാണ് വൻതോതിലുള്ള ഈ സൈനിക വിന്യാസത്തിലൂടെ ട്രംപ് ലക്ഷ്യമിടുന്നതെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.

അമേരിക്ക കരയുദ്ധത്തിന് മുതിർന്നാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ ഔദ്യോഗികമായി അറിയിച്ചു. യെമനിലെ ഹൂതി വിമതരെ ഉപയോഗിച്ച് ചെങ്കടലിലെ കപ്പൽ ഗതാഗതം തടയുകയും യുദ്ധത്തിൽ പുതിയൊരു മുന്നണി തുറക്കുകയും ചെയ്യുമെന്നാണ് ഇറാന്റെ ഭീഷണി. ഹൂതികൾ ഇതിനകം തന്നെ ഇസ്രായേലിന് നേരെ ആക്രമണം ആരംഭിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ എണ്ണ വിതരണത്തെയും ആഗോള സാമ്പത്തിക വ്യവസ്ഥയെയും ഒരുപോലെ ബാധിക്കുന്ന ഈ യുദ്ധം എത്രനാൾ നീണ്ടുനിൽക്കുമെന്ന ആശങ്കയിലാണ് ലോകരാഷ്ട്രങ്ങൾ.

Share Email
LATEST
More Articles
Top