ട്രംപിന് വ്യക്തമായ പ്ലാൻ ഉണ്ടെന്ന് വൈറ്റ് ഹൗസ്, എണ്ണവില വർദ്ധനവ് താൽക്കാലികം; വിപണി സുസ്ഥിരമാകുമെന്ന് വിശദീകരണം

ട്രംപിന് വ്യക്തമായ പ്ലാൻ ഉണ്ടെന്ന് വൈറ്റ് ഹൗസ്, എണ്ണവില വർദ്ധനവ് താൽക്കാലികം; വിപണി സുസ്ഥിരമാകുമെന്ന് വിശദീകരണം

വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി വൈറ്റ് ഹൗസ് രംഗത്ത്. ഇന്ധനവില വർദ്ധനവ് നിയന്ത്രിക്കുന്നത് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഥമ പരിഗണനയിലുള്ള വിഷയമാണെന്നും ഇതിനായി വിവിധ ഏജൻസികളുമായി ചേർന്ന് വൈറ്റ് ഹൗസ് നിരന്തരം പ്രവർത്തിക്കുന്നുണ്ടെന്നും വക്താവ് ടെയ്‌ലർ റോജേഴ്‌സ് അറിയിച്ചു. ഇറാനെതിരായ സൈനിക നടപടികൾ തുടങ്ങുന്നതിന് മുൻപ് തന്നെ ഊർജ്ജ വിപണി സുസ്ഥിരമായി നിലനിർത്തുന്നതിനായി പ്രസിഡന്റും അദ്ദേഹത്തിന്റെ വിദഗ്ധ സംഘവും ശക്തമായ ഒരു ‘ഗെയിം പ്ലാൻ’ തയ്യാറാക്കിയിട്ടുണ്ടെന്ന് റോജേഴ്‌സ് വ്യക്തമാക്കി.

വിപണിയിലെ ചാഞ്ചാട്ടം കുറയ്ക്കുന്നതിനായി ലഭ്യമായ എല്ലാ പ്രായോഗിക മാർഗങ്ങളും ഭരണകൂടം പരിശോധിച്ചുവരികയാണെന്നും അവർ കൂട്ടിച്ചേർത്തു. നിലവിലെ എണ്ണവില വർദ്ധനവ് താൽക്കാലികമാണെന്ന പ്രസിഡന്റ് ട്രംപിന്റെ അവകാശവാദം വക്താവ് ആവർത്തിച്ചു. ഇറാനിലെ സൈനിക ദൗത്യത്തിന്റെ ലക്ഷ്യങ്ങൾ പൂർത്തിയാകുന്നതോടെ എണ്ണവിലയിൽ വൻ ഇടിവുണ്ടാകുമെന്നും വിപണി പഴയ നിലയിലേക്ക് മടങ്ങുമെന്നുമാണ് വൈറ്റ് ഹൗസിന്റെ വിലയിരുത്തൽ. എണ്ണവില ബാരലിന് 100 ഡോളർ കടന്നത് അമേരിക്കൻ ഉപഭോക്താക്കൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നതിനിടെയാണ് ഭരണകൂടത്തിന്റെ ഈ ആശ്വാസകരമായ പ്രസ്താവന വരുന്നത്.

Share Email
LATEST
Top