ഹോർമുസ് കടലിടുക്കിൽ യുഎസ് നാവികസേനയുടെ കാവൽ; കപ്പലുകൾക്ക് ഇൻഷുറൻസ് ഉറപ്പാക്കി ട്രംപ്, അകമ്പടി നൽകുമെന്ന് പ്രഖ്യാപനം

ഹോർമുസ് കടലിടുക്കിൽ യുഎസ് നാവികസേനയുടെ കാവൽ; കപ്പലുകൾക്ക് ഇൻഷുറൻസ് ഉറപ്പാക്കി ട്രംപ്, അകമ്പടി നൽകുമെന്ന് പ്രഖ്യാപനം

വാഷിംഗ്ടൺ: ഇറാൻ്റെ ഭീഷണിയെത്തുടർന്ന് തടസപ്പെട്ട ആഗോള എണ്ണ വിതരണം പുനഃസ്ഥാപിക്കാൻ നിർണ്ണായക സൈനിക-സാമ്പത്തിക നീക്കങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എണ്ണക്കപ്പലുകൾക്ക് ആവശ്യമെങ്കിൽ യുഎസ് നാവികസേന നേരിട്ട് സുരക്ഷാ അകമ്പടി നൽകുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് അറിയിച്ചു. യുദ്ധം ആരംഭിച്ചതോടെ ഹോർമുസ് കടലിടുക്ക് അടച്ചതായും ഇതുവഴി പോകുന്ന കപ്പലുകളെ ആക്രമിക്കുമെന്നും ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണിത്.

കടലിടുക്കിലൂടെയുള്ള എണ്ണക്കടത്ത് നിലച്ചതോടെ ആഗോള എണ്ണവില കുതിച്ചുയരുന്നത് തടയാൻ ട്രംപ് ഭരണകൂടം പുതിയൊരു ഇൻഷുറൻസ് പദ്ധതിയുകൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ഗൾഫ് മേഖലയിലോ സമീപത്തോ സഞ്ചരിക്കുന്ന എണ്ണക്കപ്പലുകൾക്കും മറ്റ് ചരക്കുക്കപ്പലുകൾക്കും അമേരിക്കൻ സർക്കാർ സ്ഥാപനമായ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ (DFC) വഴി ‘പൊളിറ്റിക്കൽ റിസ്ക് ഇൻഷുറൻസ്’ ലഭ്യമാക്കും. സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ പിന്മാറുന്ന സാഹചര്യത്തിൽ, വളരെ കുറഞ്ഞ നിരക്കിൽ ഈ സുരക്ഷാ കവചം നൽകാനാണ് ട്രംപിൻ്റെ ഉത്തരവ്.

ലോകത്തിലെ ആകെ എണ്ണ വിതരണത്തിൻ്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ തടസ്സം ലോക സമ്പദ്‌വ്യവസ്ഥയെ ബാധിക്കാതിരിക്കാനാണ് അമേരിക്കയുടെ ഈ ഇടപെടൽ. “ഊർജ്ജ വിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് അമേരിക്ക ഉറപ്പുവരുത്തും” എന്ന് ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇതിനോടകം തന്നെ മിഡിൽ ഈസ്റ്റിൽ വിന്യസിച്ചിട്ടുള്ള യുഎസ് യുദ്ധക്കപ്പലുകൾക്ക് കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഉടൻ നിർദ്ദേശം നൽകിയേക്കുമെന്നാണ് സൂചന.

Share Email
LATEST
More Articles
Top