ഉറച്ച നിലപാടെടുത്ത് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി; ഇറാനെതിരെ നടക്കുന്നത് നിയമവിരുദ്ധമായ അധിനിവേശ യുദ്ധം, ട്രംപിന് വിമർശനം

ഉറച്ച നിലപാടെടുത്ത് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി; ഇറാനെതിരെ നടക്കുന്നത് നിയമവിരുദ്ധമായ അധിനിവേശ യുദ്ധം, ട്രംപിന് വിമർശനം

ന്യൂയോർക്ക്: ഇറാനിലെ നഗരങ്ങൾക്കെതിരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന വ്യോമാക്രമണങ്ങളെ ശക്തമായി അപലപിച്ച് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി. അമേരിക്കയുടെയും ഇസ്രായേലിന്റെയും ഈ സൈനിക നടപടികളെ അദ്ദേഹം നിയമവിരുദ്ധമായ അധിനിവേശ യുദ്ധം എന്നാണ് വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് ഇത്തരം യുദ്ധങ്ങളിലൂടെ നടക്കുന്നതെന്നും മേയർ ആരോപിച്ചു.

ന്യൂയോർക്ക് നഗരത്തിലെ സുരക്ഷാ സ്ഥിതി വിലയിരുത്തിയ ശേഷമാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം. “അമേരിക്കക്കാർക്ക് മറ്റൊരു ഭരണമാറ്റ യുദ്ധം ആവശ്യമില്ല. നഗരങ്ങളിൽ ബോംബുകൾ വർഷിക്കുകയും നിരപരാധികളെ കൊല്ലുകയും ചെയ്യുന്നത് ലോകം തടയണം. ജനങ്ങൾക്ക് വേണ്ടത് ജീവിതച്ചെലവ് കുറയ്ക്കാനുള്ള നടപടികളും സമാധാനവുമാണ്,” എന്ന് മംദാനി എക്സിലൂടെ (മുൻപ് ട്വിറ്റർ) വ്യക്തമാക്കി. യുദ്ധ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ന്യൂയോർക്ക് നഗരത്തിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. എംബസികൾക്കും സാംസ്കാരിക കേന്ദ്രങ്ങൾക്കും അധിക സുരക്ഷ ഉറപ്പാക്കാൻ പോലീസ് കമ്മീഷണർക്ക് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.

ന്യൂയോർക്കിലെ ഇറാനിയൻ വംശജരുമായി സംസാരിച്ച മേയർ, അവർ നഗരത്തിന്റെ അവിഭാജ്യ ഭാഗമാണെന്നും അവർക്ക് ഇവിടെ പൂർണ സുരക്ഷ ഉറപ്പാക്കുമെന്നും വാക്ക് നൽകി. “നിങ്ങൾ ഞങ്ങളുടെ അയൽക്കാരും സുഹൃത്തുക്കളുമാണ്. നിങ്ങളെ സംരക്ഷിക്കാൻ ഈ നഗരം എപ്പോഴും ഒപ്പമുണ്ടാകും,” എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയ മംദാനി ഇപ്പോൾ ട്രംപിന്റെ വിദേശനയങ്ങളെ രൂക്ഷമായി വിമർശിക്കുകയാണ്.

Share Email
Top